കണ്ണൂർ: എ.ഐ കാലത്ത് ഓണാഘോഷങ്ങളിലും മാറ്റം പ്രകടം. ആർട്ടിഫിഷ്യൽ ഓണം സെലിബ്രേഷനുകൾക്ക് വലിയ പ്രചാരമാണ് ഇക്കുറി. കൃത്രിമ പൂക്കളങ്ങളും കൃത്രിമ പൂവുകളും അടക്കമുള്ളവയ്ക്ക് വലിയ തോതിൽ ആവശ്യക്കാർ ഉണ്ട്.
തറയിൽ വിരിക്കാൻ പറ്റുന്ന ഓണപ്പൂക്കളങ്ങൾക്കാണ് കൂട്ടത്തിൽ ഏറെ ആവശ്യക്കാരുള്ളത്. കടകളിലും ഓൺലൈനിലുമായാണ് ഇത്തരം പൂക്കളങ്ങളുടെ വിപണനം. പൂക്കളങ്ങൾക്ക് ഓൺലൈനിലാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഓർഡർ ചെയ്താൽ വീടുകളിലേക്ക് എത്തുന്ന ഇവ യഥേഷ്ടം ഒരുക്കാൻ സാധിക്കും. സമയലാഭം കണക്കിലെടുത്താണ് ആളുകൾ ഇത് കൂടുതലും വാങ്ങുന്നത്. അഞ്ഞൂറു രൂപ മുതൽ മുകളിലേക്കാണ് വില. ഒരു തവണ ഉപയോഗിച്ചാൽ വരും വർഷങ്ങളിലും ഉപയോഗിക്കാൻ പറ്റുമെന്നതും ഡിമാൻഡിന് പിന്നിലുണ്ട്.
ടൈൽസിൽ പൂക്കളുടെ കറ പറ്റാതിരിക്കാനാണ് റെഡിമേയ്ഡ് പൂക്കൾ വാങ്ങാൻ എത്തിയവർ എറെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും കൃത്രിമ പൂവുകൾക്ക് ആവശ്യക്കാരെ കൂട്ടി. പലയിടത്തും ഇന്നലെ പെയ്ത മഴ വിപണനത്തിന് വച്ച പൂക്കൾ നശിച്ചുപോയിരുന്നു.
ഓർഡർ ചെയ്താൽ വീട്ടിലെത്തും സദ്യ
ഓണ സദ്യ കഴിക്കാൻ പണമടച്ച് കൈയും കഴുകി ഇരുന്നാൽ മാത്രം മതി. സദ്യ പാഴ്സലായി വീട്ടിലെത്തിക്കാനും ആൾക്കാരുണ്ട്. നഗരത്തിലെ പല പ്രധാന ഹോട്ടലുകളും ഇന്ന് വീടുകളിലേക്ക് സദ്യ എത്തിക്കുന്നുണ്ട്. ഇലയൊന്നിന് 400 രൂപ മുതലാണ് തുടങ്ങുന്നത്. 20 ൽ ഏറെ വിഭവങ്ങളുമിതിലുണ്ട്. വിഭവങ്ങൾ കുറച്ച് ആവശ്യത്തിനനുസരിച്ച് 'കസ്റ്റമൈസ് ' ചെയ്യാനും സാധിക്കും. എല്ലാത്തിനുമുപരി പുറം രാജ്യങ്ങളിലെപ്പോലെ ഓണം മൊത്തമായി ഏറ്റെടുത്ത് നടത്തുന്ന ഇവന്റ് മാനേജ്മെൻഡ് ടീമുകളുമുണ്ട്.
ആർട്ടിഫിഷ്യൽ പൂക്കൾ വാങ്ങാൻ ആളുകൾ എത്തിയിരുന്നു. മുൻ വർഷങ്ങളിൽ ഇത്രയും ഉണ്ടായിരുന്നില്ല. പല വിലയിലും പൂക്കൾ ലഭിക്കുകയും ചെയ്യും.- അഷറഫ് (കണ്ണൂർ സ്റ്റേഡിയത്തിന് സമീപത്തെ കച്ചവടക്കാരൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |