പാലക്കുന്ന് : കാർഷികസമൃദ്ധിയുടെ ഓർമ്മകൾ ഉണർത്തി വിവിധ ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലും ഉത്രാടം നാളിൽ നിറ കെട്ടൽ ചടങ്ങുകൾ നടന്നു. ചിലയിടങ്ങളിൽ ഒപ്പം പുത്തരിയും നടക്കാറുണ്ടെങ്കിലും പൊതുവേ തുലാപ്പത്തിനോ അതിന് ശേഷമോ പുത്തരി വിളമ്പുന്നതാണ് രീതി.
വിഷ്ണു, ശിവക്ഷേത്രങ്ങളിൽ കർക്കിടകത്തിൽ തന്നെ നിറപുത്തരി നടന്നുവെങ്കിലും ദേവീക്ഷേത്രങ്ങളിൽ ഈ ചടങ്ങ് ചിങ്ങത്തിലാണ് നടത്തുന്നത്. നാട്ടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് ഈ ചടങ്ങ്. ഇതിനായി കൽപ്പിതമായ ഒരു ദിവസമില്ല. ആദ്യം കൊയ്തെടുക്കുന്ന നെൽകതിരിന്റെ ലഭ്യതയും മുഹൂർത്തവും ഒത്തു വരുമ്പോൾ ദിവസം നിശ്ചയിക്കും. എങ്കിലും മിക്കയിടത്തും ഉത്രാടം നാളിൽ നിറകെട്ടുന്ന രീതിയാണ് കണ്ടുവരുന്നത്.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ സ്ഥാനികരുടെ നേതൃത്വ ത്തിൽ നിറകെട്ടൽ നടന്നു. അടിച്ചുതളിക്ക് ശേഷം ഭണ്ഡാര വീട് തിരുനടയിലായിരുന്നു ചടങ്ങ്. തുലാം മാസത്തിലെ പത്താമുദയം ഉത്സവത്തിനാണ് ഇവിടെ പുത്തരി സദ്യ വിളമ്പുന്നത്. കർക്കടകത്തിൽ നിറകെട്ടിയ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ 11നാണ് തൃപ്പുത്തരി. രാവിലെ ഏഴരക്ക് ശ്രീകോവിലിനകത്ത് പുത്തരി വിളമ്പും. ഉച്ച പൂജയ്ക്ക് ശേഷമായിരിക്കും പ്രസാദ വിതരണം.
അരവത്ത് കഴകം മട്ടൈങ്ങാനം പൂബാണംകുഴി ക്ഷേത്രത്തിൽ ഉത്രാടം ദിവസം രാവിലെ നിറകെട്ടൽ നടന്നു. സുകുമാരൻ മൂത്തായരുടെ നേതൃത്വത്തിൽ നടന്ന നിറകെട്ടൽ ചടങ്ങിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.ശിവരാമൻ മേസ്തിരി, ജനറൽ സെക്രട്ടറി രാഘവൻ തച്ചങ്ങാട്, ട്രഷറർ മാധവൻ തോക്കാനം, ബാലൻ മൂത്തായാർ, ശശിധരൻ പൊടിപ്പളം കുഞ്ഞികൃഷ്ണൻ മട്ടയ്, മോഹനൻ മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.നവംബർ 7 നാണ് ഇവിടെ മറുപുത്തരി.
നിറകെട്ടൽ ചടങ്ങ്
നെൽകതിരിനോടൊപ്പം അത്തി, ഇത്തി, ആല്, അരയാൽ എന്നിവയും പ്ലാവ്, മാവ്, വട്ടയില, മുള, തുളസി, പൊലിവള്ളിയും ചേർത്ത് വാഴയിലയിൽ ചുരുട്ടി തെങ്ങിൻ മടലിന്റെ പുറന്തോൽ കൊണ്ട് കെട്ടിയുണ്ടാക്കുന്നതാണ് നിറ. ഇവ ക്ഷേത്രങ്ങളിലും തറവാടുകളിലും വീടുകളിലും പ്രധാന ഇടങ്ങളിൽ ബന്ധിക്കുന്നതാണ് നിറ കെട്ടൽ ചടങ്ങ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |