തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെയുള്ള ലൈംഗികാരോപണക്കേസിൽ കൂടുതൽ തെളിവുശേഖരിക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. നിർബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവുശേഖരണം. ഇതിനായി അന്വേഷണസംഘം ഉടൻ ബംഗളൂരുവിലേക്ക് പോകും. ഓണാവധിക്ക് ശേഷമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്.
ബംഗളൂരുവിൽ, യുവതി ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രി അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെയെത്തി രേഖകൾ പരിശോധിച്ച് യുവതി ചികിത്സതേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. ഇതിനുശേഷം നോട്ടീസ് നൽകി രേഖകൾ കസ്റ്റഡിയിലെടുക്കും. തുടർന്ന് അനന്തര നടപടികളിലേക്ക് കടക്കും. ഇരയിൽ നിന്ന് വിവരങ്ങൾ തേടാൻ ശ്രമിച്ചേക്കും എന്നും അറിയുന്നുണ്ട്.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നുമുള്ള എഫ്.ഐ.ആർ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു . സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യവും ചെയ്‌തു എന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട് . തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിച്ചത്.
ഭാരതീയ ന്യായ സംഹിത 78(2) (പിന്തുടർന്നു ശല്യപ്പെടുത്തൽ ), 352 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകളും കേരള പൊലീസ് നിയമത്തിലെ 120-ാം വകുപ്പും പ്രകാരമാണ് കേസ്.അഡ്വ.ഷിന്റോ സെബാസ്റ്റ്യൻ ബാലാവകാശ കമ്മിഷനിലും എട്ടുപേർ പൊലീസിലും നൽകിയ പരാതിയെ തുടർന്നാണ് കേസ്. ഷിന്റോയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി വന്നിട്ടില്ല. പരാതിക്കാർ ഇരയെക്കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും. പരാതിക്കാർ കേസിൽ മൂന്നാം കക്ഷികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |