കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന അധികൃതരുടെ മുന്നറിയിപ്പ് തുടരുന്നതിനിടെ കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ 43കാരിയില്‍ നിന്ന് തട്ടിയെടുത്തത് 95,000 രൂപയാണ്. വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നഗരത്തിലെ ഒരു വീട്ടമ്മയില്‍ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് മറ്റൊരു തട്ടിപ്പ് കൂടി നഗരത്തില്‍ നടന്നിരിക്കുന്നത്.
വാട്‌സാപ്പ് കോളും, പിന്നാലെയെത്തിയ ലിങ്കും ഉപയോഗിച്ച് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കിയതിന് ശേഷമാണ് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തത്. ഓഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഇപ്പോഴാണ് ഇവര്‍ പരാതിയുമായി രംഗത്ത് വന്നത്. ഒരു എഫ്എം റേഡിയോയുടെ പേരില്‍ ആണ് യുവതിക്ക് കോള്‍ വന്നത്. കസ്റ്റമര്‍ കെയറില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് ഫോണ്‍ കോള്‍ ചെയ്തവര്‍ പരിചയപ്പെടുത്തിയത്.
കോളിന് പിന്നാലെ നമ്പറിലേക്ക് ഒരു ലിങ്ക് അയച്ചിട്ടുണ്ടെന്നും അത് ക്ലിക്ക് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് യുവതി ക്ലിക്ക് ചെയ്തതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പ് സംഘം കരസ്ഥമാക്കുകയായിരുന്നു. ഇതിലൂടെ അക്കൗണ്ടിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു. അടുത്തിടെയായി വിവിധ സംഭവങ്ങളാണ് ഇത്തരത്തില്‍ കൊച്ചി നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നഗരത്തിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയ്ക്ക് 25 കോടി രൂപ നഷ്ടപ്പെട്ടത്. ട്രേഡിംഗ് ആപ്പ് വഴി ആയിരുന്നു ഈ തട്ടിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |