പുതുക്കാട്: യുവാവിന്റെ ഹെൽമറ്റ് പൊക്കി നോക്കിയത് ചോദ്യം ചെയ്തതിന് യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച വധശ്രമക്കേസ്
പ്രതി ഉൾപ്പടെ നാലുപേർ റിമാൻഡിൽ. നായരങ്ങാടി സെന്ററിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ മുരിയാട് വെളിയത്ത് വീട്ടിൽ അയ്യപ്പദാസ് (33), പെരിങ്ങോട്ടുകര താന്ന്യം ചാലിശ്ശേരി വീട്ടിൽ ക്രിസ്റ്റി (28), പെരിങ്ങോട്ടുകര താന്ന്യം ചക്കാലക്കൽ വീട്ടിൽ അരുൺ (24), മുരിയാട് ദേശത്ത് തോട്ടപ്പുറത്ത് വീട്ടിൽ സനീഷ് (20) എന്നിവരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്തം. നാലിന് രാത്രി എട്ടേമുക്കാലോടെ നായരങ്ങാടി സെന്ററിൽ വച്ച് പുത്തൂർ മരോട്ടിച്ചാൽ ദേശത്ത് പുത്തിരിക്കൽ വീട്ടിൽ ഷിജുവിനെയും (31) സുഹൃത്തായ അഞ്ചലിന്റെ അളിയൻ ശരൺജിത്തിനെയും പ്രതികൾ തടഞ്ഞുനിർത്തുകയും ശരൺജിത്തിന്റെ ഹെൽമറ്റ് പൊക്കി നോക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. സനീഷിന് ആളൂർ, വാടാനപ്പിള്ളി, കൊടകര പൊലീസ് സ്‌റ്റേഷനിലായി ഒരു വധശ്രമക്കേസും നാല് അടിപിടി കേസും അടക്കം ആറ് ക്രിമിനൽ കേസും, അയ്യപ്പദാസിന് ആളൂർ പൊലീസ് സ്‌റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് ഒരു കേസ് ഉൾപ്പടെ രണ്ട് ക്രിമിനൽ കേസും ക്രിസ്റ്റീന് പുതുക്കാട് പൊലീസ് സ്‌റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് ഒരു കേസും അരുണിന് അന്തിക്കാട് പൊലീസ് സ്‌റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് ഒരു കേസുമുണ്ട്. പുതുക്കാട് പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ആദം ഖാൻ, സബ് ഇൻസ്‌പെക്ടർ വൈഷ്ണവ്, എ.എസ്.ഐ ജോബി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഫൈസൽ, മനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |