പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഉറുകുന്ന് ഹോളിക്രോസ് പള്ളിക്ക് സമീപം കണ്ടെയ്‌നർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. ലോറി പത്ത് മീറ്റർ കൂടി മുന്നോട്ട് പോയിരുന്നെങ്കിൽ കല്ലടയാറ്റിലേക്ക് മറിയുമായിരുന്നു. തൂത്തുക്കുടിയിൽ നിന്ന് ചരക്കുമായി കൊല്ലത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. അപകടസ്ഥലത്ത് എത്തിയ തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരന്റെ നേതൃത്വത്തിൽ, പള്ളിയിലെ വിശ്വാസികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടും വളവുകളും കുത്തിറക്കവുമുള്ള ഈ പാതയിൽ അപകടങ്ങൾ പതിവാണ്. വാഹനങ്ങൾ ഇന്ധനം ലാഭിക്കാൻ ന്യൂട്രലിൽ ഇറക്കം ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഈ റോഡിൽ ഇറക്കം തുടങ്ങുന്ന ഭാഗത്ത് സ്പീഡ് ബ്രേക്കറുകളും സൈൻ ബോർഡുകളും സ്ഥാപിക്കുകയും റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിമാറ്റുകയും ചെയ്താൽ അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |