കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ലഹരികടത്ത് കേസ് പ്രതി ആഢംബര ബൈക്ക് ഓടിച്ച് കയറ്റിയ സംഭവത്തിൽ കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) വിവരങ്ങൾ ശേഖരിച്ചു. റെയിൽവേ സംരക്ഷണ സേനയുടെ പക്കലുള്ള സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെയാണ് പരിശോധിച്ചത്. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റുന്നത് സുരക്ഷാവീഴ്ചയായിട്ടാണ് പരിഗണിക്കുന്നത്. സംഭവത്തിലെ അട്ടിമറി സാദ്ധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക അന്വേഷണമാണ് എ.ടി.എസ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
പ്രതി പെരുമ്പാവൂർ സ്വദേശി അജ്മലിന് വേണ്ടി റെയിൽവേ പൊലീസ് തിരച്ചിൽ തുടരുന്നതിനിടെ, സുപ്രധാന തെളിവുകളടങ്ങുന്ന ദൃശ്യങ്ങൾ ആർ.പി.എഫിന് ലഭിച്ചു. ബൈക്കിൽ നിന്നിറങ്ങിയ അജ്മൽ ബാഗുമായി നോർത്ത് മേൽപ്പാലത്തിന് അടിയിലൂടെ ഓടുന്ന സി.സി ടിവി ദൃശ്യങ്ങളാണ് കിട്ടിയത്. എം.ഡി.എം.എ വിതരണ കേസുകളിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി കഴിഞ്ഞ 2ന് പുലർച്ചെ ലഹരി സാധനങ്ങളുമായി വരുമ്പോഴാണ് പ്ലാറ്റ്ഫോമിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയതെന്ന സംശയം നിലനിൽക്കെയാണ് ഇയാളുടെ കൈവശം ബാഗുണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചത്. ആർ.പി.എഫിന്റെ അന്വേഷണത്തിലാണ്സ്റ്റേഷന് സമീപത്തെ ക്യാമറയിൽ നോർത്ത് മേൽപ്പാലത്തിന് അടിയിൽക്കൂടി ക്യാരി ബാഗുമായി ഓടുന്ന ദൃശ്യം ലഭിച്ചത്.
പെരുമ്പാവൂർ സ്വദേശിയാണെങ്കിലും അജ്മൽ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഭാഗത്താണ് താമസിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. അജ്മലിന്റെ കുടുംബം ഇവിടെയാണ് തങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |