തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ മോഷണക്കേസിൽ പുതിയ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ ആർ.ബിന്ദുവിനെ (39) കുടുക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
മറവി പ്രശ്‌നമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയൽ മോഷണം പോയതായി ആരോപിക്കപ്പെട്ട മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെവച്ച് മറക്കുകയായിരുന്നു. മാല പിന്നീട് ഓമന ഡാനിയൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. മാല വീടിന് പിന്നിലെ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂർക്കട എസ്‌എച്ച്‌ഒ ശിവകുമാർ, ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സാധാരണ കിടക്കയ്ക്ക് അടിയിലാണ് ഓമന മാല സൂക്ഷിക്കാറുള്ളത്. എന്നാൽ സംഭവദിവസം സോഫയുടെ അടിയിലാണ് ഓമന മാല വച്ചത്. തുടർന്ന് മാല കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ അന്വേഷണത്തിൽ സോഫയ്ക്ക് അടിയിൽ നിന്ന് മാല കണ്ടെത്തുകയും ചെയ്തു. എന്നാൽ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത് ഒരുദിവസം മുഴുവൻ ചോദ്യം ചെയ്തത് ന്യായീകരിക്കാൻ ചവറുകൂനയിൽ നിന്ന് മാല കണ്ടെത്തിയതായി പൊലീസ് കള്ളക്കഥ മെനയുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 23നാണ് വീട്ടിൽനിന്ന് മാല മോഷണം പോയതായി കാട്ടി അമ്പലംമുക്ക് സ്വദേശി ഓമന ഡാനിയേൽ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്ന ബിന്ദുവിനെ അന്നുതന്നെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഒരു രാത്രി മുഴുവൻ അവരെ സ്‌റ്റേഷനിലിരുത്തി ചോദ്യം ചെയ്തു. പിറ്റേദിവസം 12വരെ വീട്ടുകാരെപ്പോലും അറിയിക്കാൻ അനുവദിക്കാതെ ഇവരെ അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമീഷന്റെ ഉത്തരവിനെ തുടർന്ന് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |