കോഴിക്കോട്: കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തിനിരയായ യുവാവ് ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും. കുന്ദമംഗലം പതിമംഗലം സ്വദേശി അബ്ദുൾ ഉബൈദാണ് മർദ്ദനത്തിന്റെ സിസി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും നീതിവേണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. 2019ലാണ് ഉബൈദിന് മർദ്ദനമേറ്റത്. സഹോദരനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ചതിൽ പരാതി നൽകാനെത്തിയപ്പോഴാണ് സംഭവം. അതേസമയം കോഴിക്കോട് പന്നിയങ്കര സ്റ്റേഷനിൽ കഴിഞ്ഞ ഒക്ടോബറിൽ മർദ്ദനത്തിനിരയായ വേങ്ങേരി സ്വദേശി മുഹമ്മദ് ഹനീഫും സഹോദരൻ മുഹമ്മദ് മുസ്തഫയും കോടതി നടപടിയിലേക്ക് നീങ്ങുകയാണ്. ഇവരുടെ കാറിൽ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട് പരാതിയുമായി ചെന്നപ്പോഴായിരുന്നു മർദ്ദനമെന്ന് മുഹമ്മദ് ഹനീഫ്. കോഴിക്കോട് പെരുവയൽ പഞ്ചായത്ത് ലീഗ് നേതാവ് മാമുക്കോയക്കെതിരെയുണ്ടായ പൊലീസ് അക്രമത്തിലും നടപടികളൊന്നും ഇതേവരെ ഉണ്ടായിട്ടില്ല. ക്രൂരമായ അക്രമത്തിൽ പരിക്കേറ്റ് ആറുമാസത്തോളമാണ് ചികിത്സയിൽ കിടന്നത്. കുറ്റിക്കാട്ടൂർ ഓർഫനേജിലെ ഭൂമി തർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയപ്പോൾ കാരണം ചോദിച്ചതിന്റെ പേരിലായിരുന്നു മർദ്ദനമെന്ന് മാമുക്കോയ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മുസ്ലിംലീഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |