കാഠ്മണ്ഡു: തങ്ങളുടെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും പൊലീസാണ് അതിക്രമം തുടങ്ങിയതെന്നും ആരോപിച്ച് നേപ്പാളിലെ പ്രതിഷേധക്കാർ രംഗത്തെത്തി. അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാദ്ധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നേപ്പാളിൽ ഇന്നലെ യുവാക്കൾ തെരുവിലിറങ്ങിയത്. പാർലമെന്റിലേക്കു നടന്ന പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് നടത്തിയ വെടിവയ്പിൽ ഇതുവരെ 20 പേർ കൊല്ലപ്പെട്ടു. 250ലധികം പേർക്ക് പരിക്കേറ്റു.
''സമാധാനപരമായ പ്രതിഷേധം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. പക്ഷേ ഞങ്ങൾ കൂടുതൽ മുന്നോട്ട് പോയപ്പോൾ, പൊലീസിന്റെ അക്രമമാണ് കാണാൻ സാധിച്ചത്. പൊലീസ് ജനങ്ങൾക്ക് നേരെ വെടിയുതിർത്തു, ഇത് സമാധാനപരമായ പ്രതിഷേധത്തിന് വിരുദ്ധമാണ്. അധികാരത്തിലിരിക്കുന്നവർക്ക് അവരുടെ അധികാരം ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാവില്ല,'' -പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.
റോഡിൽ നിൽക്കുകയായിരുന്ന തന്റെ സുഹൃത്തിന്റെ തലയ്ക്കാണ് പൊലീസ് വെടിവച്ചതെന്ന് പ്രതിഷേധക്കാരിൽ ഒരാളും വെളിപ്പെടുത്തി. പൊലീസിന്റെ ബുള്ളറ്റുകളിലൊന്ന് തന്റെ അടുത്തു നിൽക്കുകയായിരുന്ന സുഹൃത്തിന്റെ കൈയിലാണ് തറച്ചുകയറിയതെന്ന് മറ്റൊരാൾ പറഞ്ഞു. പൊലീസ് മനപ്പൂർവം മുട്ടിനു മുകളിൽ വെടിവയ്ക്കുകയായിരുന്നുവെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
ഇന്ത്യ-നേപ്പാൾ
അതിർത്തിയിൽ സുരക്ഷ
ന്യൂഡൽഹി: നേപ്പാളിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാൾ അതിർത്തിയിൽ ഇന്ത്യസുരക്ഷ വർദ്ധിപ്പിച്ചു. കാലപത്തിനിടെ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കുള്ള കടന്നുകയറ്റം തടയാൻ അതിർത്തി കാക്കുന്ന ശശസ്ത്ര സീമാ ബെൽ ജാഗ്രത പുലർത്തുന്നുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കരുതൽ നടപടിയായാണ് സുരക്ഷ ശക്തമാക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉത്തരാഖണ്ഡ്, ബീഹാർ, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, സിക്കിം സംസ്ഥാനങ്ങളിലായി ഇന്ത്യ നേപ്പാളുമായി 1751 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |