പഴയകാല മലയാള സിനിമകളിൽ പൊലീസുകാരുടെ സ്ഥിരം പേരായിരുന്നു കുട്ടൻപിള്ളയും തോമാച്ചനുമൊക്കെ. പെറ്രിക്കേസുകളിൽ പിടിയിലായി സ്റ്റേഷനിലെത്തിക്കുന്ന പ്രതികളെ ഇടിച്ച് ചമ്മന്തി പരുവത്തിലാക്കുന്ന ഇടിയൻ കുട്ടൻപിള്ളമാരിൽ നിന്ന് ഏറെ ദൂരം പിന്നിട്ട് കേരള പൊലീസ് 'ജനമൈത്രി പൊലീസി"ൽ എത്തിയപ്പോൾ നാട്ടിൽ നീതി നടപ്പാകണമെന്നാശിച്ചവർ ഏറെ സന്തോഷിച്ചു. കള്ളന്മാരെയും ക്രിമിനലുകളെയും കൊലയാളികളെയും ഗുണ്ടകളെയും കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ നിലയ്ക്കാത്ത കൈയ്യടി നേടിയവരാണ് പിൽക്കാലത്ത് 'കമ്മിഷണറെ"യും 'ആക്ഷൻ ഹീറോ ബിജു"വിനെയും പോലുള്ള സിനിമകളിലെ വീരപരിവേഷം നേടിയ നായകന്മാർ. അങ്ങനെ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർ യഥാർത്ഥ സേനയിലുമുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയെന്ന ഖ്യാതി കേരള പൊലീസിനുണ്ട്. എന്നാൽ അധികാരവും രാഷ്ട്രീയ പിൻബലവും പണവും ഇല്ലാത്ത പാവങ്ങളുടെ മേൽ കൈക്കരുത്ത് കാട്ടി ക്രൂരതയുടെ മുഖമായി മാറിയ ചില പൊലീസുകാരെങ്കിലും കേരള പൊലീസിന്റെ മാനം കെടുത്തുന്ന കഥകളാണിപ്പോൾ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൈക്കരുത്തും അമിതാധികാരവും ഉപയോഗിച്ച് എന്തു ചെയ്താലും ആരും ചോദിക്കില്ലെന്ന അഹങ്കാരം കൈമുതലാക്കിയ ഒട്ടേറെ പൊലീസുകാർ ഇപ്പോൾ സേനയിൽ വിഹരിക്കുന്നുന്നത് നാട്ടിൽ നീതിയും ക്രമസമാധാനവും പുലരണമെന്നാഗ്രഹിക്കുന്നവരെ നിരാശയിലാഴ്ത്തുന്നതാണ്.
കൈത്തരിപ്പ് തീർക്കുന്ന
പൊലീസുകാർ
തൃശൂർ കുന്നംകുളം ചൊവ്വന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ 2023 ഏപ്രിൽ 5ന് പൊലീസ് സ്റ്റേഷനിൽ എസ്.ഐ. അടക്കം 4 പൊലീസുകാർ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നത് കണ്ട് കേരളം ഞെട്ടി. കാര്യഗൗരവമേറിയ കുറ്റമൊന്നും ചെയ്യാത്ത യുവനേതാവിനെ അകാരണമായി കൂട്ട മർദ്ദനത്തിനിരയാക്കിയ പൊലീസുകാർ വർഷങ്ങൾ കഴിഞ്ഞിട്ടും കാര്യമായ ഒരു നടപടിയും നേരിടാതെ സർവീസിൽ തുടരുകയായിരുന്നു. രണ്ടുവർഷമായി നിയമപോരാട്ടം നടത്തുന്ന സുജിത്തിന്റെ പോരാട്ട വിജയമായി സിസി ടിവി ദൃശ്യങ്ങൾ പുറത്തായപ്പോഴാണ് കോൺഗ്രസുകാർ പോലും കാര്യത്തിന്റെ ഗൗരവം മനസിലാക്കുന്നത്. അതിനു പിന്നാലെ മാത്രമാണ് പ്രതിപക്ഷ നേതാവും മറ്റു കോൺഗ്രസ് നേതാക്കളും സുജിത്തിനായി രംഗത്തിറങ്ങിയത്. ക്ഷേത്രപൂജാരി കൂടിയായായ സുജിത്ത് വിശ്വാസത്തിന്റെ ഭാഗമായി ധരിച്ചിരുന്ന പൂണൂലും രുദ്രാക്ഷ മാലയും കൈയ്യിൽ കെട്ടിയിരുന്ന രുദ്രാക്ഷവും വരെ വലിച്ചു പൊട്ടിച്ചാണ് പൊലീസുകാർ കൈത്തരിപ്പ് തീർത്തത്.
2023 മേയ് 24ന് പീച്ചി സ്റ്റേഷനിൽ ഹോട്ടൽ മാനേജരെയും ജീവനക്കാരനെയും പൊലീസ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പിന്നാലെ പുറത്തായി. പീച്ചി എസ്.ഐ ആയിരുന്ന പി.എം. രതീഷ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദ്ദനമെന്നാണ് ഹോട്ടലുടമ ഔസേപ്പ് പറഞ്ഞത്. ഹോട്ടലിലെ തർക്കത്തെ തുടർന്ന് പ്രശ്‌നമുണ്ടായപ്പോൾ പൊലീസിനെ വിളിച്ചെങ്കിലും വന്നില്ല. പിന്നാലെ പരാതി നൽകാൻ മാനേജരും ജീവനക്കാരനും ചെന്നപ്പോൾ അവരെ എസ്.ഐ ആദ്യം ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചു. തുടർന്ന് ഇവരുടെ മുഖത്ത് ആഞ്ഞടിച്ചു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനെയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞു. പരാതിക്കാരനുമായി പണം നൽകി ഒത്തുതീർപ്പിലെത്താൻ എസ്.ഐ നിർബ്ബന്ധിക്കുകയായിരുന്നു. മകനെയും മാനേജരെയും പോക്സോ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വൻതുക കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തലും പുറത്തുവന്നു. എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. റിപ്പോർട്ടുകൾ എതിരായിട്ടും സംഭവം നടന്ന് ഒരു മാസത്തിനകം എസ്.ഐ ക്ക് പ്രൊമോഷൻ നൽകുകയായിരുന്നു. നിരവധി കാരണങ്ങൾ ഉന്നയിച്ച് സിസി ടിവി ദൃശ്യങ്ങൾ നൽകാതിരിക്കാനും പൊലീസ് ശ്രമിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൊലീസ് സ്റ്റേഷനകത്തെ സിസി ടിവി ദൃശ്യങ്ങൾ ലഭിക്കുന്നത് ഇദ്ദേഹത്തിനാണ്.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് കസ്റ്റഡി മർദ്ദന ദൃശ്യങ്ങളും പരാതികളും ഒന്നിനു പിറകെ ഒന്നായി പുറത്തുവരുന്നത്. മൂവാറ്റുപുഴയിൽ ബാറ്ററി മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത അമൽ ആന്റണിയെ പൊലീസ് വീട് മുതൽ സ്റ്റേഷൻ വരെ ജീപ്പിലിട്ട് മർദ്ദിച്ചു. സാരമായി പരിക്കേറ്റ അമൽ മോഷ്ടാവല്ലെന്ന് പിന്നീട് വ്യക്തമായതോടെ വിട്ടയച്ചു. ആഗസ്റ്റ് 12ന് നടന്ന സംഭവത്തിൽ ഇതുവരെ ഇടിയന്മാരായ പൊലീസുകാർക്കെതിരെ നടപടിയുണ്ടായിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് അസി.കമ്മിഷണറും എസ്.ഐ യും ഉൾപ്പെടെ തന്നെ മർദ്ദിക്കുകയും പൊതുസ്ഥലത്ത് വലിച്ചിഴക്കുകയും ചെയ്തതായി പരാതിപ്പെട്ടത് പെരുവയൽ പഞ്ചായത്തിലെ മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി സി. മാമുക്കോയ ആണ്. സാരമായി പരിക്കേറ്റതിന് 6 മാസത്തോളം ചികിത്സ വേണ്ടിവന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഇടത് നേതാക്കൾക്കും
പൊലീസിന്റെ തല്ല് !
പൊലീസിന്റെ ക്രൂര മർദ്ദന കഥകൾ പുറത്തായതിനു പിന്നാലെ ഇടത് നേതാക്കളും പൊലീസ് മർദ്ദനം ഏറ്റെന്ന പരാതിയുമായി രംഗത്തെത്തി. കൊല്ലത്ത് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം. നേതാവാണ് രംഗത്ത് വന്നത്. മദ്ധ്യസ്ഥ ചർച്ചയ്ക്കെത്തിപ്പോൾ കണ്ണനല്ലൂർ സ്റ്റേഷനിലെ പൊലീസ് മർദ്ദിച്ചുവെന്ന് പരാതിയുമായി നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. താൻ പങ്കുവച്ചത് തനിക്കുണ്ടായ ദുരനുഭവമാണെന്നും ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ തന്നെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്താലും കുഴപ്പമില്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഈ മാസം 4 ന് ഒരു കുടുംബ പ്രശ്‌നം പരിഹരിക്കാനായി പെൺകുട്ടിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. ഈ പെൺകുട്ടിയോടും പൊലീസ് അപമര്യാദയായി പെരുമാറി . ഇക്കാര്യം സി.ഐയോട് പറയാനെത്തിയപ്പോൾ ലോക്കൽ സെക്രട്ടറിയാണെന്ന് അറിഞ്ഞിട്ടും മർദ്ദിച്ചുവെന്നാണ് സജീവ് പറയുന്നത്. ആലപ്പുഴ ഡിവൈ.എസ്.പിയായ മധു ബാബുവിനെതിരെ പത്തനംതിട്ടയിലെ മുൻ എസ്.എഫ്.ഐ നേതാവായ ജയകൃഷ്ണനും പരാതിയുമായി എത്തിയത് ഇടത് കേന്ദ്രങ്ങൾക്ക് തലവേദനയും ഒപ്പം ഞെട്ടലും സൃഷ്ടിക്കുന്നതാണ്. മധുബാബു കോന്നി സി.ഐ ആയിരിക്കെ തന്നെ മർദ്ദിച്ച് ചെവിയുടെ കർണപുടം പൊട്ടിച്ചെന്നാണ് പരാതി. മധുബാബുവിനെതിരെ ഇതടക്കം നിരവധി പരാതികളാണ് കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. ഡിവൈ.എസ്.പിമാരുടെ സംഘടനയും ഇടത് അനുഭാവവുമുള്ള സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ട്രഷറർ കൂടിയായ മധുബാബു കഴിഞ്ഞമാസം 26 ന് അസോസിയേഷൻ സഹഭാരവാഹികളുമൊത്ത് മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടിരുന്നു. പൊലീസിലെ പ്രശ്നങ്ങൾ പരിഹരിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളടങ്ങിയ നിവേദനം നൽകാനാണെത്തിയത്. മധുബാബുവിനെതിരെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നെല്ലാം പരാതി പ്രവാഹമാണിപ്പോൾ. 2012 ൽ ജയകൃഷ്ണനെ മർദ്ദിച്ച സംഭവത്തിൽ മധുബാബുവിനെതിരെ നടപടിക്ക് ശുപാർശ ചെയ്തെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ആലപ്പുഴയിൽ ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിയായി മധുബാബു വിലസുന്നത് ഭരണകക്ഷിയുടെ രാഷ്ട്രീയ പിൻബലത്തിലാണെന്ന ആരോപണവും ശക്തമാണ്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവിധ സ്റ്റേഷനുകളിലെക്യാമറ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷൻ ഓഫീസുകളിലേക്ക് അപ്പീലുകൾ പ്രവഹിക്കുകയാണ്.
കർശന നടപടിയെന്ന്
പൊലീസ് മേധാവി
പൊലീസ് കസ്റ്റഡിയിൽ നിരപരാധികൾക്കടക്കം നേരിടേണ്ടി വന്ന ക്രൂര മർദ്ദനങ്ങളുടെ പരമ്പര പുറത്തുവന്നപ്പോൾ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കിയെങ്കിലും സംഭവത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ വെളിപ്പെടുത്തലുകളിൽ അടിയന്തിരാവസ്ഥക്കാലത്ത് 1975 സെപ്തംബറിൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ ധർമ്മടത്തെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ മർദ്ദിച്ചിരുന്നു. ആ സംഭവം നടന്ന് രണ്ടു വർഷത്തിനു ശേഷം 1977 മാർച്ച് 30 ന് കേരള നിയമസഭയിലെത്തിയ പിണറായി വിജയൻ, കസ്റ്റഡിയിൽ മർദ്ദനമേറ്റതിനെ തുടർന്ന് മുറിവേറ്റ രക്തം പടർന്ന ഷർട്ടുമായെത്തി പ്രതിഷേധിച്ചത് സഭയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയതാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന കസ്റ്റഡി മർദ്ദനത്തിന്റെ തനിയാവർത്തനം ഇന്നും ചില പൊലീസുകാരെങ്കിലും നടത്തുന്നുവെങ്കിൽ അതിനെതിരെ കർശന നടപടി സ്വീകരിക്കാൻ കെൽപ്പുള്ള ആഭ്യന്ത്രമന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണദ്ദേഹം. കുറ്റക്കാരായ പൊലീസുകാർക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |