
വക്കം: തീരദേശ പഞ്ചായത്തുകളുൾപ്പെട്ട പ്രദേശങ്ങളിൽ പൊതുശ്മശാന പദ്ധതി നടപ്പാക്കാത്തത് ബുദ്ധിമുട്ടുളവാക്കുന്നു. പൊതുശ്മശാനം വേണമെന്ന ആവശ്യത്തോട് വിമുഖത കാട്ടുന്ന നടപടിയാണ് ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകൾ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. പ്രധാനമായും പൊതുശ്മശാനം നിർമ്മിക്കാൻ ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെന്നും കണ്ടെത്തിയാൽ പ്രദേശവാസികളിൽനിന്നും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന വാദവുമുയർത്തിയാണ് ഈ ആവശ്യത്തെ അവഗണിക്കുന്നത്. മഴക്കാലങ്ങളിൽ വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്ന മേഖലകളാണ് ഈ നാല് പഞ്ചായത്തുകളും. ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം കയറിയാൽ ആഴ്ചകളോളം മലിനജലം തങ്ങിനിൽക്കും. ഈ സാഹചര്യത്തിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ മതാചാരപ്രകാരം ദഹിപ്പിക്കാനോ, മറവ് ചെയ്യാനോ കഴിയാറില്ല. സ്വന്തമായി ഭൂമിയില്ലാത്തവരും ഉള്ള ഭൂമിയിൽ സൗകര്യങ്ങളൊരുക്കാൻ കഴിയാത്തവരുമായ നിരവധി പേരുണ്ട്.
ഭൂമി കണ്ടെത്തി,
മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചു
കടയ്ക്കാവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പൊതുശ്മശാനം നിർമ്മിക്കാൻ 25 സെന്റോളം ഭൂമി കണ്ടെത്തിയിരുന്നു. എന്നാൽ പുതിയ ഭരണസമിതി അവിടെ ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിനുള്ള സ്ഥലമാക്കി മാറ്റി. ചിറയിൻകീഴ് പഞ്ചായത്തിൽ പൂവിളക്കുന്നിൽ ഒരേക്കറോളം പുരയിടം കുഴിവിലം - ചിറയിൻകീഴ് പഞ്ചായത്തുകളുടെ അധീനതയിൽ ശവസംസ്കാരങ്ങൾക്കും മറ്റുമായി മുൻകാലങ്ങളിൽ ഉപയോഗപ്പെടുത്തിയിരുന്നതാണ്. പിന്നീട് ഈ പ്രദേശത്ത് അങ്കണവാടിക്കും ഭൂമിയില്ലാത്ത ചില കുടുംബങ്ങൾക്ക് വീടുവയ്ക്കുന്നതിനായി പട്ടയം നൽകുകയും ചെയ്തു.
മെല്ലെപ്പോക്ക് നയമാണ്
നിലവിൽ ഈ മേഖലയിൽ 35 സെന്റോളം വസ്തു ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പൊതുശ്മശാന നിർമ്മാണത്തിനായി നീക്കിവച്ചിട്ടുണ്ടെങ്കിലും ചിറയിൻകീഴ് പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കാൻ വിമുഖതകാട്ടി. അഞ്ചുതെങ്ങ് പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി പദ്ധതി രേഖകളിൽ പൊതുശ്മശാനം ഉൾപ്പെടുത്തിയെങ്കിലും നാളിതുവരെയും പദ്ധതി നടപ്പാക്കാനുള്ള യാതൊരു ശ്രമങ്ങളും നടത്തിയിട്ടില്ല. ഭൂമി കണ്ടെത്താൻ കഴിയുന്നില്ല എന്ന വാദമാണ് രണ്ട് ഭരണകക്ഷികളും ഉയർത്തുന്നത്. വക്കം പഞ്ചായത്തും ഈ വിഷയത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |