കുരുക്കുകൾ ഓരോന്നായി അഴിക്കുന്തോറും ആരോഗ്യ രംഗത്തെ മലബാറിലെ അവസാന വാക്കായ കോഴിക്കോട് മെഡിക്കൽ കോളേജിനെ പ്രതിസന്ധികൾ വീണ്ടും വരിഞ്ഞു മുറുക്കുന്നു. കുടിശ്ശിക കുന്നുകൂടി തുടങ്ങിയതോടെ ഹൃദയ ചികിത്സകളടക്കം വീണ്ടും പ്രതിസന്ധിയിലാണ്.
ഹൃദയചികിത്സകൾക്കായി സ്റ്റെന്റ്, വാൽവുകൾ, പേസ് മേക്കർ, ബലൂൺ തുടങ്ങിയ തുടങ്ങിയ ഉപകരണങ്ങൾ നൽകിയ വകയിൽ 42 കോടിയോളം കുടിശ്ശികയായതോടെ കഴിഞ്ഞ ഒന്ന് മുതൽ വിതരണക്കാരുടെ സംഘടനയായ മെഡിക്കൽ ഡിവെെസസ് ഇൻഡസ്ട്രി വെൽഫെയർ അസോ. വിതരണം നിറുത്തിയിരിക്കുകയാണ്. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കുടിശ്ശികയുടെ പേരിൽ മെഡി. കോളേജിലേക്കുള്ള ചികിത്സ ഉപകരണങ്ങൾ നിറുത്തിവയ്ക്കുന്നത്. അതേസമയം പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനോ വിതരണക്കാർക്ക് പണം നൽകാനോ അധികൃതർ ശ്രമിക്കുന്നില്ലെന്നതും ഖേദകരമാണ്. സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം മൂലം ബുദ്ധിമുട്ടിലാകുന്നത് പാവപ്പെട്ട രോഗികളാണ്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. ഒരു നൂറുരൂപ തികച്ചെടുക്കാനില്ലാത്തവർക്കു പോലും മതിപ്പുള്ള ചികിത്സ നൽകി രാജ്യത്തെ ഒന്നാംനിര ആശുപത്രികളുടെ പട്ടികയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഇടം. അത് ഇല്ലാതാക്കുന്ന സമീപനമാണ് ഇപ്പോൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
വീണ്ടും പ്രതിസന്ധിയിലേക്ക്
ഹൃദയചികിത്സയ്ക്കുള്ള സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളുടേയും വിതരണം നിലച്ചതോടെ മെഡി. കോളേജിൽ പ്രതിസന്ധി രൂക്ഷമായി തുടങ്ങിയിട്ടുണ്ട്. നിലവിൽ ചികിത്സ മുടങ്ങിയിട്ടില്ലെങ്കിലും ആൻജിയോ പ്ലാസ്റ്റി ചികിത്സയെ ബാധിച്ചുതുടങ്ങി. സാധാരണ ദിവസങ്ങളിൽ ഒരു ദിവസം 15 മുതൽ 20 വരെ ആൻജിയോ പ്ലാസ്റ്റി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ചിൽ താഴെ മാത്രമേ നടക്കുന്നുള്ളൂ.
അടുത്ത- ഏതാനും ദിവസത്തേക്കുള്ള സ്‌റ്റെന്റ് അനുബന്ധ ഉപകരണങ്ങൾ മാത്രമാണ് സ്റ്റോക്കുള്ളത്. ഇവ തീർന്നാൽ ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി അടക്കം മുടങ്ങും. അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രമാണ് ഇപ്പോൾ ഹൃദയശസ്ത്രക്രിയ നടത്തുന്നത്. നേരത്തെ തീയതി നൽകിയ രോഗികളെ വിളിച്ച് ശസ്ത്രക്രിയ സാങ്കേതിക കാരണങ്ങളാൽ നീട്ടിവച്ചതായും നിലവിലെ മരുന്ന് തുടരാനുമാണ് മെഡി. കോളജ് അധികൃതർ നിർദേശിക്കുന്നത്. ചികിത്സകൾ വെട്ടിക്കുറച്ചത് രോഗികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഹൃദയശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നടക്കം ഉപകരണങ്ങൾ എത്തിക്കുന്നുണ്ടെങ്കിലും പൂർണമായും പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. ചർച്ചകൾ നടക്കുന്നതല്ലാതെ കുടിശ്ശിക നൽകുന്നതിനുള്ള നടപടികളൊന്നും ആരോഗ്യവകുപ്പും മെഡി. കോളേജ് അധികൃതരും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിലവിൽ സ്റ്റോക്ക് ചെയ്ത സ്റ്റെന്റ് അടക്കമുള്ള ഉപകരണങ്ങൾ തിരികെ കൊണ്ടുപോവാനുള്ള ഒരുക്കത്തിലാണ് വിതരണക്കാരുടെ സംഘടന. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതർക്ക് രേഖാമൂലം കത്ത് നൽകാനുള്ള ഒരുക്കത്തിലാണ് മെഡിക്കൽ ഡിവെെസസ് ഇൻഡസ്ട്രി വെൽഫെയർ അസോസിയേഷൻ.
കുടിശ്ശിക 42 കോടി
ഹൃദയചികിത്സകൾക്കായി ഉപകരണങ്ങൾ നൽകിയ വകയിൽ 42 കോടിയാണ് കുടിശ്ശികയായിട്ടുള്ളത്. കാരുണ്യ ബെനവലന്റ് ഫണ്ടിൽ (കെ.ബി.എഫ്) 13 മാസത്തേയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) രണ്ടര വർഷത്തെ കുടിശ്ശികയാണുള്ളത്. എന്നാൽ കുടിശ്ശിക കൂടിവരുന്നതിനാൽ കമ്പനികളിൽ നിന്ന് സ്റ്രെന്റ് ഉൾപ്പെടെ ലഭിക്കാത്ത സാഹചര്യമാണ്. വിതരണക്കാരുമായി മെഡി. കോളേജ് അധികൃതർ ചർച്ച നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ല. മാർച്ച് 31 വരെയുള്ള 28 കോടി കുടിശ്ശികയെങ്കിലും തരാതെ വിതരണം ചെയ്യാൻ സാധിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. ആയിരക്കണക്കിന് രോഗികളെ ബാധിക്കുന്ന പ്രധാന വിഷയമായിട്ടും പരിഹാരത്തിനായി ഇടപെടലുണ്ടാകുന്നില്ലെന്നത് ഖേദകരമാണെന്ന് രോഗികൾ പറയുന്നു. എത്രയും പെട്ടന്ന് വിതരണക്കാരുടെ പണം കുടിശ്ശിക പണം നൽകി ചികിത്സകൾ പുനരാരംഭിക്കണം. മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ ഇടക്കിടെ തലപൊക്കാതിരിക്കാനുള്ള തരത്തിലുള്ള ഇടപെടലുകളും ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |