
മലയിൻകീഴ്: മലയിൻകീഴ് ജംഗ്ഷനിലൂടെ പത്തനംതിട്ട മൂഴിയാറിലേക്ക് കഴിഞ്ഞ നാല് പതിറ്റാണ്ടായി മുടങ്ങാതെ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള മൂഴിയാർ ഫാസ്റ്റ് പാസഞ്ചർ ബസിന് മലയിൻകീഴ് പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ചേർന്ന്
സ്വീകരണം നൽകി.നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന മൂഴിയാർ ഡാം നിർമ്മാണത്തിനായി തൊഴിലാളികളെ എത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച മൂഴിയാർ ബസ് സർവീസ് ഇന്നും തുടർന്നു വരുന്നുണ്ട്.
ഇന്നലെ പുലർച്ചെ 5ന് മലയിൻകീഴ് ജംഗ്ഷനിൽ വെടിക്കെട്ടും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയും മലയിൻകീഴ് പൊലീസ് സ്റ്റേഷനു സമീപത്ത് നിന്നും മലയിൻകീഴ് ജംഗ്ഷൻ വരെ ബസിനെ ആനയിച്ചു.ഐ.ബി.സതീഷ് എം.എൽ.എ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. കാട്ടാക്കട എ.ടി.ഒ ഗോപകുമാർ,ജനറൽ സി.ഐ.എം രഞ്ജിത്ത്, ഡ്രൈവർ ടി.എം.ഷാജി,കണ്ടക്ടർ വി.വിഷ്ണു എന്നിവരെ ആദരിക്കുകയും ഡ്രൈവർക്കും കണ്ടക്ടർക്കും പുതിയ യൂണിഫോം നൽകുകയും ചെയ്തു. അതോടൊപ്പം ബസിൽ മൂഴിയാറിലേക്ക് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ യാത്ര തിരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |