അബുദാബി: മലയാളി പ്രവാസികളെയടക്കം ബാധിക്കുന്ന പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ സർക്കാർ. രാജ്യത്ത് മൂടൽമഞ്ഞ് കനക്കുന്നത് കണക്കിലെടുത്ത് രണ്ടാം ദിവസവും റെഡ് അലർട്ട് പുറപ്പെടുവിച്ചു. മൂടൽമഞ്ഞ് ശക്തമാകുന്ന സാഹചര്യത്തിൽ യുഎഇയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലാണ് റെഡ്, യെല്ലോ അലർട്ടുകൾ നൽകിയിരിക്കുന്നത്.
മൂടൽമഞ്ഞിൽ കാഴ്‌ച വ്യക്തമല്ലാത്ത സാഹചര്യമുള്ളതിനാൽ വാഹനം ഓടിക്കുമ്പോഴടക്കം ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരക്കേറിയ പാതകളായ ഷെയ്‌ഖ് ഖാലിഫ ബിൻ സയ്യേദ് ഇന്റർനാഷണൽ റോഡിലും ബോ ഹാസ റോഡിലും വേഗത പരിധി കുറച്ചു.
യുഎഇയുടെ ചില ഭാഗങ്ങളിൽ കാർമേഘങ്ങൾ കാണുന്നതിനാൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ രാജ്യത്ത് ചില ഭാഗങ്ങളിലും മഴയും മഞ്ഞുവീഴ്‌ചയുമുണ്ടായിരുന്നു. ചിലയിടങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയും പൊടിക്കാറ്റും ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അറേബ്യൻ ഗർഫിലും ഒമാൻ കടയിലും സ്ഥിതിഗതികൾ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, കാലാവസ്ഥാ പ്രവചനം മെച്ചപ്പെടുത്തുന്നതിനും ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാമെന്നുള്ള പഠനത്തിലാണ് യുഎഇയിലെ കാലാവസ്ഥാ വിദഗ്ദ്ധർ. ഇതുസംബന്ധിച്ച് അടുത്തിടെ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ചർച്ചയും നടന്നു. നിലവിലെ സാങ്കേതിക വിദ്യ മൂന്ന് മുതൽ ഏഴുദിവസം വരെയുള്ള കാലാവസ്ഥാ പ്രചനത്തിന് സഹായിക്കുമെന്നും ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |