ന്യൂഡൽഹി: യുവജന പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഏഴു ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകി ഉത്തർപ്രദേശ് സർക്കാർ. എന്നാൽ ഇന്ത്യ-നേപ്പാൾ അതിർത്തി അടച്ചിട്ടില്ല. ലഖിംപൂർ ഖേരി, സിദ്ധാർത്ഥ് നഗർ, മഹാരാജ്‌ഗഞ്ച്, ശ്രവസ്‌തി, ബൽറാംപൂർ, ബഹ്‌റൈച്ച്, പിലിഭിത്ത് എന്നിവിടങ്ങളിൽ 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തി. ഈ മേഖലകളിൽ പട്രോളിംഗ് ശക്തമാക്കാനും അധിക പൊലീസ് സേനയെ വിന്യസിക്കാനും ഡിജിപി ഉത്തരവിട്ടിരിക്കുകയാണ്. യുപിക്ക് പുറമെ ബീഹാർ, പശ്‌ചിമ ബംഗാൾ അടക്കം നേപ്പാൾ അതിർത്തിയോട് ചേർന്ന സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ലക്‌നൗ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം സ്ഥാപിച്ചു. 0522-239025, 0522-2724010, 9454401674, വാട്സാപ് നമ്പർ -9454401674 എന്നിവയാണ് ഹെൽപ്പ്ലൈൻ നമ്പറുകൾ. ഇന്ത്യൻ പൗരന്മാർ നിലവിലുള്ള സ്ഥലത്തുതന്നെ തുടരണമെന്നാണ് വിദേശകാര്യമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. കാഠ്മണ്ഡുവിൽ അകപ്പെട്ട 40 മലയാളികളെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങിയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചിരുന്നു. നേപ്പാൾ അതിർത്തി അടച്ചതിനെ തുടർന്ന് ചൈനയിലെ ഡാർചനിൽ കുടുങ്ങിയ മലയാളികളടക്കം 3000ലധികം കൈലാസ മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഭരണം പ്രതിസന്ധിയിലായതോടെ ക്രമസമാധാനവും സുരക്ഷയും ഏറ്റെടുത്ത സൈന്യം രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചു. നിലവിലെ നിരോധനാജ്ഞ ഇന്നുവൈകിട്ട് അഞ്ചുമണിവരെ തുടരും. ശേഷം കർഫ്യൂ നിലവിൽവരും. ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനാണ് സൈന്യം നിർദേശിച്ചിരിക്കുന്നത്. കാലപത്തിനിടെ ജയിൽ ചാടിയവരും പിടിയിലായിരിക്കുകയാണ്. അഞ്ചുപേരെ പിടികൂടിയെന്ന് എസ് എസ് ബി അറിയിച്ചു. യുപി അതിർത്തിയിൽ നിന്നാണ് ഇവർ പിടിയിലായത്. 1500ലേറെ തടവുകാരാണ് ജയിൽ ചാടിയതെന്നാണ് റിപ്പോർട്ട്. ഇവരിൽ മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാർട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |