'നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, രാഷ്ട്രീയം എല്ലയിടത്തും ആധിപത്യം ചെലുത്തുന്നു" എന്നത് പ്രസിദ്ധമായ ഒരു മാവോ സൂക്തമാണ്. ഏതാനും വർഷം മുമ്പ് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, പരസ്യകലയുടെ ആചാര്യൻ പീയൂഷ് പാണ്ഡെ പഴയ മാവോ സൂക്തം ഒന്ന് തിരുത്തി. അദ്ദേഹം തിരുത്തി പറഞ്ഞത് 'നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, കമ്പോള ശക്തികൾ ഇന്ന് എല്ലായിടത്തും ആധിപത്യം ചെലുത്തുന്നു" എന്നാണ്. പാണ്ഡെ പറഞ്ഞതിന് കാലിക പ്രസക്തിയേറെ ഉണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിൽ മാത്രമല്ല രാഷ്ട്രീയ മേഖലയിലും ഇന്ന് സമ്പത്തിനും സാമ്പത്തിക ശക്തികൾക്കും സ്വാധീനം വർദ്ധിച്ചു വരികയാണെന്നത് ഒരു നഗ്ന സത്യം.. അതിന്റെ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും അനുഭവപ്പെടുന്നുമുണ്ട്, വ്യക്തവും ശക്തവുമായി തന്നെ. എന്തിനേറെ, ഭൗതിക കാര്യങ്ങൾക്ക് പ്രസക്തിയും പ്രാധാന്യവും കൽപ്പിക്കാത്ത മതപരവും ആദ്ധ്യാത്മികവുമായ മേഖലകൾ പോലും കച്ചവട ശക്തികളുടെ സ്വാധീനത്തിൽ നിന്ന് മുക്തമല്ല. അതിവേഗം ബഹുദൂരം മുന്നേറിക്കഴിഞ്ഞ ഈ കമ്പോളീകരണത്തെ തന്നെയാവും ശാസ്ത്രസാഹിത്യ പരിഷത്തുകാരും മറ്റും പണാധിപത്യം എന്ന് വിശേഷിപ്പിക്കുന്നത്. ട്രേഡ് യൂണിയൻ രംഗത്തുള്ള ഈ ഭീഷണിയെ 'ഇക്കോണമിസം" എന്നാണ് ലെനിൻ പണ്ട് പേരിട്ടത്.
കഴിഞ്ഞയാഴ്ച കടന്നുപോയ ഓണാഘോഷം ഓർക്കുമ്പോഴാണ് കമ്പോളീകരണത്തെ കുറിച്ച് കൂടി ചിന്തിച്ച് പോവുന്നത്. വർഷങ്ങൾ പിന്നീടുന്തോറും ഓണത്തിന്റെ കച്ചവടവത്ക്കരണം കടുക്കുകയാണ്. ഇങ്ങനെ, കച്ചവടത്തിന്റെ നീരാളിപ്പിടിത്തത്തിൽ മലയാളികളുടെ ദേശീയോത്സവം എന്ന് നാം അവകാശപ്പെടുകയും അഭിമാനിക്കുകയും ചെയ്തുവരുന്ന ഓണത്തിന്റെ സ്വത്വം നഷ്ടപ്പെടുകയല്ലേ എന്നതാണ് ആശങ്ക. അതൊരു തരം 'കാർണിവൽ" ആയി അധഃപതിക്കുന്നു. സർക്കാർ സംഘടിപ്പിക്കുന്ന ഓണ പരിപാടികളിൽ മാത്രമായി ജനകീയ പങ്കാളിത്തം ചുരുങ്ങി വരുന്നു. നിസഹായരായി, നിഷ്‌ക്രീയരായി നോക്കി നിൽക്കാനേ നമുക്കിവിടെ സാധിക്കുന്നുള്ളൂ. സാംസ്‌കാരിക തനിമയുടെ വക്താക്കളോ സാംസ്‌കാരിക നായകരോ മിണ്ടാട്ടമില്ല. ആചാരങ്ങളെ പിടിച്ച് ആണയിടുന്നവരും പ്രതികരിക്കുന്നില്ല.
മലയാളിക്ക് ഓണം എന്നെന്നും ഒരു വികാരമാണ്. വികാരത്തെ വിപണി കയ്യടക്കുന്നത്തോടെ നഷ്ടപ്പെടുന്നത് ആഘോഷത്തിന്റെ ആത്മാവാണ്. ആഘോഷം ആക്രോശമായി രൂപാന്തരപ്പെടുന്നു. കമ്പോളത്തിലെ മത്സരം സമൂഹത്തിലേക്ക് വ്യാപിക്കുന്നു. 'മാനുഷരെല്ലാരും ഒന്നുപോലെ" എന്നത് മറന്ന് വീറോടെയും വാശിയോടെയും മാറ്റുരയ്ക്കപ്പെടുന്നത് മത്സരക്ഷമതയാണ്. മലയാളിയുടെ മനസിലല്ല ഓണം. മൊബൈൽ ഫോണിലും ടിവിയിലുമാണ്. ഊഞ്ഞാലില്ല, ഓണപ്പന്തില്ല. ഓണപ്പാട്ടും വിരളം. അടുക്കളയിൽ ഓണമില്ല. ഹോട്ടലുകളിൽ നിന്ന് 'സ്വിഗ്ഗി"യും 'സൊമാറ്റോ"യും ഓണസദ്യ വീട്ടിലെത്തിക്കുന്നു. ഓണക്കാലത്ത് പാചകബാഹുല്യം കൊണ്ട് പണ്ടൊക്കെ സജീവമായിരുന്ന അടുക്കളയ്ക്ക് ഇപ്പോൾ നിർബന്ധിത അവധിയാണ്. മറ്റെന്തിനെക്കാളും വ്യാപാരത്തിൽ മുന്നിട്ട് നിൽക്കുന്നത് മദ്യ വിൽപ്പന തന്നെ. കോടികളുടെ മദ്യമാണ് മലയാളി ഓണക്കാലത്ത് കുടിച്ച് തീർക്കുന്നത്.
'റീലു"കളിൽ സമൃദ്ധമായ ഓണം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും 'റീൽ ലൈഫും റിയൽ ലൈഫും" തമ്മിലുള്ള അന്തരം അറിയുന്നില്ല. അത്യാഹിതങ്ങൾക്ക് വരെ അത് ചിലപ്പോൾ ഇടയാക്കുന്നു. എത്രയെത്ര അപകടങ്ങളും അക്രമങ്ങൾക്കും ഇത്തരം ഓണാഘോഷം ഇടയാക്കുന്നുണ്ട്. നിയമ സമാധാന പാലകർക്ക് തലവേദന ഉണ്ടാക്കുന്ന നിരവധി സംഭവങ്ങളാണ് ഈ ഓണക്കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മതത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിൽ നിസാര വഴക്കുകൾ സംഘർഷത്തിൽ കലാശിക്കുന്നു. മത സ്പർദ്ധ വളർത്താനും ഇതിനിടയിൽ ശ്രമമുണ്ട്. മാതാധിഷ്ഠിതമേ അല്ല ഓണം എങ്കിലും മതപരമായ കാരണങ്ങളാൽ ഓണത്തിന് പരസ്യമായി വിലക്ക് പ്രഖ്യാപിക്കുന്ന പുതിയ പ്രവണതയും ഇക്കുറി അരങ്ങേറി എന്നതും മലയാളിയുടെ ഈ മഹോത്സവത്തിന്റെ മാറ്റ് ചോർത്തുന്നു.
'കാലമിനിയുമുരുളും
വിഷുവരും വർഷം വരും
തിരുവോണം വരും
പിന്നെയോരോ തളിരിനും
പൂ വരും കായ് വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം."
(കവി കക്കാടിനോട് കടപ്പാട്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |