കിളിമാനൂർ: ഓണം കളറാക്കാൻ പച്ചക്കറി,നാളികേരം,പൂവ് തുടങ്ങി വാഴയില വരെ എത്തിയത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ തമിഴ്‌നാട്ടിൽ നിന്നാണ് വൻതോതിലാണ് പച്ചക്കറിയും, തേങ്ങയും പൂവും എത്തിയത്. ഇതോടെ നാട്ടിലെ കർഷകർക്ക് കിട്ടേണ്ട വിപണി അന്യസ്ഥാന വ്യാപാരികൾ കീഴടക്കിയ അവസ്ഥയാണ്.
ഓണക്കാലമായിരുന്നു പണ്ട് നാളികേരത്തിന് ഏറെ ഡിമാൻഡുള്ള കാലം. കിലോയ്ക്ക് 75 രൂപ എത്തിയതോടെ തേങ്ങയുടെ ഉപയോഗം കുറയ്ക്കുകയാണ് മലയാളികൾ. നാടൻ തേങ്ങ മൊത്ത കച്ചവടക്കാർ കിലോയ്ക്ക് 55-60 രൂപക്കാണ് എടുത്തത്.
കിലോയ്ക്ക് 80-100 രൂപ വരെ ലഭിക്കുമെന്ന പ്രതീക്ഷിച്ചിട്ട് കിട്ടിയത് 50 രൂപയിൽ താഴെ. നാടൻ പച്ചക്കറിയുടെ അവസ്ഥയും സമാനമായിരുന്നു.
കർഷകർ കണ്ണീരിൽ
സർക്കാരും, സഹകരണ ബാങ്കുകളും നാടെങ്ങും ഓണച്ചന്തകൾ തുടങ്ങി സബ്‌സിഡി നിരക്കിൽ പച്ചക്കറി വില്പന തുടങ്ങിയെങ്കിലും കർഷകർക്ക് കൈത്താങ്ങായില്ല. ചുരുക്കത്തിൽ ഇക്കുറി നല്ല വിളവ് ലഭിച്ചിട്ടും കർഷകർക്ക് കണ്ണീർ മാത്രമായിരുന്നു.
നാളികേരത്തിന് വില വർദ്ധിച്ചാലും കർഷകന് ലഭിക്കുന്നത് 50 രൂപയിൽ താഴെയാണ്. കടകളിൽ വില്പനയ്‌ക്കെത്തുന്ന തേങ്ങയുടെ 80 ശതമാനവും തമിഴ്നാട്ടിൽ നിന്നാണ്. അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും ചെയ്യുന്നത്. വരും വർഷങ്ങളിലെങ്കിലും വിതരണ സംവിധാനത്തിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്.
പൂവനി എന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങൾ നാടെങ്ങും ബന്ദിപൂ കൃഷി നടത്തിയെങ്കിലും തമിഴ്നാട്ടിൽ നിന്നും ബന്ദി ഉൾപ്പെടെ മറ്റു പൂക്കളെത്തിയതും കർഷകർക്ക് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |