ഒത്തൊരുമയും നാടിന്റെ സാംസ്കാരിക മഹിമയും പ്രകടമാക്കി ഒരോണം കൂടി മലയാളികൾ സമൃദ്ധമായി ആഘോഷിച്ചു. ഓണത്തിന് സപ്തവർണങ്ങൾ പകർന്ന് സർക്കാരിന്റെ വിനോദസഞ്ചാര വാരാഘോഷവും യാതൊരു പരാതിക്കും ഇടനൽകാതെ പകിട്ടോടെ പരിസമാപിച്ചു. ഓണം ജാതിമത ഭേദമെന്യേ മലയാളികളുടെ ദേശീയ ഉത്സവമാണ്. കാലം എത്ര മാറിയാലും ഓണം ആഘോഷിക്കുന്നതിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഒരു വീഴ്ചയും വരുത്താറില്ല. പ്രവാസികളുടെ ഓണാഘോഷ പരിപാടികൾക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളുടെ മാധുര്യം കൂടിയുണ്ടായിരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിനോദസഞ്ചാര വാരാഘോഷം നടന്നു.
തലസ്ഥാനമായ തിരുവനന്തപുരത്ത് വ്യത്യസ്തമായ കാഴ്ചകളുടെ വിരുന്നൊരുക്കിയ ആഘോഷത്തിമിർപ്പായിരുന്നു. ഇതിന്റെ ഭാഗമായി ഒരുക്കിയ കലാപരിപാടികൾ കാണാൻ ജനം ഒഴുകിയെത്തി. എന്നാൽ യാതൊരു അനിഷ്ടസംഭവങ്ങളും ഉണ്ടാകാതെ പൊലീസിന്റെ ഭാഗത്തുനിന്നും കൃത്യമായ ക്രമസമാധാന പാലനമായിരുന്നു. ഓണം വാരാഘോഷ പരിപാടികളുടെ മേൽനോട്ടം വഹിച്ച പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എം.ബി. രാജേഷ് തുടങ്ങിയ മന്ത്രിമാർ, വി. ജോയി, വി.കെ. പ്രശാന്ത്, ആന്റണി രാജു തുടങ്ങി ജില്ലയിലെ എം.എൽ.എമാർ, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ അടക്കമുള്ള ഉദ്യോഗസ്ഥവൃന്ദം എന്നിങ്ങനെ വാരാഘോഷ പരിപാടികൾ സമാപിച്ച രാത്രിതന്നെ നഗരം ക്ളീനാക്കിയ കോർപ്പറേഷൻ ജീവനക്കാർ എന്നിവരെയെല്ലാം അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു.
സർക്കാർ ജീവനക്കാരുടെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും ഓണം അഡ്വാൻസും, മറ്റു ക്ഷേമ പെൻഷനുകളും എല്ലാം കൃത്യസമയത്ത് വിതരണം ചെയ്തത് മികവായി. തൊഴിൽ മേഖലകളിലും യാതൊരു തർക്കവും ഉണ്ടായില്ല. ബോണസിന്റെ പേരിൽ ഉയരാറുള്ള പ്രതിഷേധവും ഇല്ലായിരുന്നു. ധന മാനേജ്മെന്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ തുടർന്നുവരുന്ന ബാലൻസിംഗ് ഓണത്തെ കളറാക്കിയെന്നു പറയാം. പതിവുപോലെ മദ്യവില്പനയിൽ റെക്കാഡിട്ടെങ്കിലും സപ്ളൈകോയും കെ.എസ്.ആർ.ടി.സിയും കൺസ്യൂമർ ഫെഡും മിൽമയുമെല്ലാം ഓണക്കാലത്ത് വൻനേട്ടം സ്വന്തമാക്കി. സപ്ളൈകോ 386.19 കോടി രൂപയുടെ വിറ്റുവരവു നടത്തി. ആഗസ്റ്റ് 25ന് ആരംഭിച്ച ഓണം മേളയിൽ 57 ലക്ഷം ഉപഭോക്താക്കൾ ഔട്ട്ലെറ്റുകളിലെത്തി. വിലക്കയറ്റം തടഞ്ഞു നിറുത്താൻ പൊതുവിപണിയിൽ ശക്തമായ ഇടപെടൽ നടത്താൻ കഴിഞ്ഞു. വെളിച്ചെണ്ണ വിറ്റ് 74 കോടി രൂപയുടെ വരുമാനമുണ്ടാക്കി. വെളിച്ചെണ്ണ വില 500 കടക്കുമെന്ന ഘട്ടത്തിൽ കേരഫെഡ് 529 രൂപവരെ ഉയർന്ന വെളിച്ചെണ്ണ വില 479 ആയി കുറച്ചു.
ഉത്രാടത്തിനുമുമ്പുള്ള അഞ്ച് ദിവസങ്ങളിൽ മിൽമ വിറ്റത് 1,19,58,751 ലിറ്റർ പാൽ ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. തൈരിന്റെ വില്പനയിലും വർദ്ധനയുണ്ടായി. ഓണച്ചന്തകളിലൂടെ കൺസ്യൂമർ ഫെഡും നേട്ടം കരസ്ഥമാക്കി. നഷ്ടത്തിൽ പ്രവർത്തിച്ചുവന്ന കെ.എസ്.ആർ.ടി.സി സെപ്തംബർ എട്ടിന് മാത്രം 10.19 കോടി കളക്ഷൻ നേടി. ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷം തീരുന്നതുവരെയും മേൽനോട്ടം വഹിക്കാൻ തലസ്ഥാനത്തുണ്ടായിരുന്നു. ഓണം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യാൻ വിയോജിപ്പുകൾ മാറ്റിവച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഭാര്യാസമേതം എത്തിച്ചേർന്നത് ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നതായി. പത്തു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഓണപ്പരിപാടികൾ വീക്ഷിക്കാൻ എത്തിയിരുന്നു. കേരളത്തിലെ ഓണാഘോഷം വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നവിധം ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയിരിക്കുകയാണ്. പരാതിക്കിട നൽകാത്തവിധം ഓണത്തിനു പൊലിമയേകിയ ഏവർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |