ഗോരഖ്പൂർ: അയോദ്ധ്യയിലെ ശ്രീരാമ ജന്മക്ഷേത്രത്തെ കുറിച്ച് അഭിമാനിക്കാത്തവർ എങ്ങനെ രാജ്യസ്നേഹികൾ ആകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാമി മഹാദിഗ് വിജയനാഥിന്റെ 56 ാം ചരമവാർഷികവും സ്വാമി അദ്വൈതനാഥന്റെ 11ാം ചരമവാർഷികവും പ്രമാണിച്ച് നടന്ന ചടങ്ങിലാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ശ്രീരാമൻ ജനിച്ച അയോദ്ധ്യയിലെ ജന്മഭൂമിയെ മഹത്തരമായി ദർശിക്കാത്തവർക്ക് എങ്ങനെയാണ് ഇന്ത്യൻ സംസ്കാരത്തെ മനസ്സിലാക്കാൻ സാധിക്കുന്നതെന്നും അതിനാൽ അവരുടെ പൗരത്വത്തിന്റെ ധാർമ്മികത ചോദ്യം ചെയ്യപ്പെടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സ്വാമി അദ്വൈതനാഥ് അടിമത്തം അവസാനിപ്പിക്കാൻ സദാ പ്രയത്നിച്ച വ്യക്തികളിൽ പ്രമുഖനാണ്. അദ്ദേഹം താഴേത്തട്ടിൽ ജീവിച്ചവരുടെ യാതനകൾ മനസിലാക്കി അവരുടെ ദുഃഖങ്ങൾ തന്റെ ദുഖഃങ്ങളായി കണ്ട് ജീവിച്ചവരിൽ ഒരാളാണ്. അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന്റെ വരവോടെ ലോകത്തിൽ പ്രകാശം വീണ്ടും ഉണ്ടാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ നാം സ്മരിക്കണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ഈ സമൂഹത്തെ സ്വന്തം കുടുംബമായി കണ്ട അവരുടെ വഴിയിലൂടെ നാം സഞ്ചരിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
2020 ആഗസ്റ്റ് 5 ന് തറക്കല്ലിട്ട അയോദ്ധ്യ ക്ഷേത്രം 2024 ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈന്ദവ ആചാരങ്ങൾ പ്രകാരം ലോകത്തിന് സമർപ്പിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഹിന്ദു വിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ കോൺഗ്രസ് ഉൾപ്പടെയുളള എതിർ കക്ഷികൾ ഉന്നയിച്ചിരുന്നു. അതിനാൽ യോഗി ആദിത്യനാഥിന്റെ ഇപ്പോഴത്തെ പ്രസ്താവനകൾ കോൺഗ്രസ് ആയുധമാക്കുമോ എന്നാണ് രാഷ്ടീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |