താമരശ്ശേരി: ചുരം റോഡിൽ മണ്ണിടിഞ്ഞ സ്ഥലം എൻ.ഐ.ടിയിലെ വിദഗ്ദ്ധ സംഘം പരിശോധിച്ചു. സിവിൽ വിഭാഗം പ്രൊഫസർ സന്തോഷ് ജി. തമ്പി, അസി. പ്രൊഫസർമാരായ പ്രദീക് നേഗി, അനിൽകുമാർ, റിസർച്ച് ഫെലോ മനു ജോർജ് എന്നിവരടങ്ങിയതായിരുന്നു പരിശോധനാസംഘം. കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ദൃശ്യം ഡ്രോൺ ഉപയോഗിച്ചുള്ള റിയൽ ടൈം കൈനമാറ്റിക് സർവേയിലൂടെ സംഘം ശേഖരിച്ചു. ഇവയിലൂടെ നിർമ്മിക്കുന്ന ത്രിമാന ദൃശ്യങ്ങളിലൂടെ മണ്ണിടിച്ചിൽ സാദ്ധ്യത, ഭൂമിയുടെ സ്വഭാവം, ആഘാത സാദ്ധ്യത, പാറ ഇടിയൽ തുടങ്ങിയവ കണ്ടെത്താൻ സാധിക്കുമെന്ന് ഡോ. സന്തോഷ് ജി. തമ്പി പറഞ്ഞു.
പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് നൽകും. പരിശോധനാവിവരം വിശകലനം ചെയ്ത് ആവശ്യമെങ്കിൽ ജി.പി.ആർ (ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ) പരിശോധന നടത്തും. ആഗസ്റ്റ് 26നാണ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ മണ്ണിടിഞ്ഞത്
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.രേഖ, പി.ഡബ്ലിയു.ഡി എൻ.എച്ച് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.വി. സുജീഷ്, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ നിധിൽ ലക്ഷ്മണൻ, അസി. എൻജിനിയർ എം സലീം, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ എം രാജീവ്, ഹസാർഡ് അനലിസ്റ്റ് പി. അശ്വതി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |