തൃശൂർ: സ്വദേശ് സമ്മാൻ ദേശീയ പുരസ്‌കാരം നേടി കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ). കേന്ദ്ര ടൂറിസം സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ന്യൂഡൽഹിയിൽ ആറാമത് സ്വദേശി കോൺക്ലേവിൽ കെ.എസ്.എഫ്.ഇ ചെയർമാൻ വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ എന്നിവർക്ക് സ്വദേശ് സമ്മാൻ പുരസ്‌കാരം കൈമാറി. ലക്ഷം കോടി രൂപ ബിസിനസ് നേടുന്ന രാജ്യത്തെ ആദ്യ എം.എൻ.ബി.സി എന്ന നേട്ടത്തിന് പിന്നാലെയാണ് ദേശീയ പുരസ്‌കാരം കെ.എസ്.എഫ്.ഇയെ തേടിയെത്തിയത്.
സുപ്രീം കോടതി ജസ്റ്റിസ് കൊടീശ്വർ സിംഗ് കെ.എസ്.എഫ്.ഇക്ക് കീർത്തിപത്രം സമ്മാനിച്ചു. കേന്ദ്ര ഐ.ടി സഹമന്ത്രി ജതിൻ പ്രസാദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പുരസ്‌കാരസമർപ്പണം. കെ.എസ്.എഫ്.ഇയുടെ 'ഈ നാടിന്റെ ധൈര്യം' എന്ന പുതിയ മുദ്രാവാചകം മുഖ്യമന്ത്രി പിണറായി വിജയനാണ് അടുത്തിടെ പ്രകാശനം ചെയ്തത്. സ്വദേശ് സമ്മാൻ പുരസ്‌കാരം വഴി ഈ മുദ്രാവാചകം അന്വർത്ഥമാവുകയാണെന്ന് ധനമന്ത്രി കെ.ബാലഗോപാൽ പ്രതികരിച്ചു.
വിശ്വാസ്യത, സുതാര്യത, സർക്കാർ നൽകുന്ന ഉറപ്പ് എന്നിവയാണ് കെ.എസ്.എഫ്.ഇയുടെ ശക്തികളെന്ന് ചെയർമാൻ വരദരാജൻ പറഞ്ഞു. സ്ഥിരമായ ലാഭക്ഷമത, ദീർഘവീക്ഷണമുള്ള ലക്ഷ്യങ്ങൾ, നവീകരണ ശ്രമങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ, ജീവനക്കാരുടെ സംഭാവനകൾ എന്നിവയുടെ ഫലമാണ് ഈ പുരസ്‌കാരമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |