പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നിർമ്മാണ കമ്പനിക്ക് നിർദേശം നൽകി മന്ത്രി വീണാജോർജ്. തൊഴിലാളികളുടെ എണ്ണംകൂട്ടി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. മഴകാരണം മുടങ്ങിയ മണ്ണുനിരത്തൽ വേഗത്തിലാക്കണം. സമയബന്ധിതമായി മണ്ണ് നിറയ്ക്കുന്നത് പൂർത്തിയാക്കുമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണത്തിനായുള്ള ടെൻഡർ പൂർത്തിയായി. സമയബന്ധിതമായി ട്രാക്കിന്റെ നിർമ്മാണം പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.
ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണ പുരോഗതി മന്ത്രി വിലയിരുത്തി. കഴിഞ്ഞ ദിവസം മന്ത്രി സ്റ്റേഡിയം സന്ദർശിച്ചതിന് അനുബന്ധമായാണ് യോഗം വിളിച്ചുകൂട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പ് നിർമ്മാണത്തെ ഒരുതരത്തിലും ബാധിക്കാതിരിക്കാനുള്ള നടപടിക്രമങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കണം. പവലിയൻ ഒന്നിന്റേയും രണ്ടിന്റേയും നിർമ്മാണം പുരോഗമിക്കുന്നു. പവലിയന് മുകളിൽ ഗ്യാലറിയുടെ ഇരിപ്പിടത്തട്ട് എടുത്തിട്ടുണ്ട്. പവലിയനിലെ റിഫ്രഷ്‌മെന്റ് റൂമുകൾ, ടോയിലറ്റുകൾ എന്നിവയും സമയബന്ധിതമായി പൂർത്തിയാക്കണം.
കിഫ്ബി പദ്ധതി :
നിർമ്മാണ ചെലവ് : 47.92 കോടി
(ട്രാക്ക് നിർമാണം, നീന്തൽക്കുള നിർമാണം, മിനി ഇൻഡോർ സ്റ്റേഡിയം, പവലിയൻ ബ്ലോക്കുകളുടെ നിർമാണങ്ങൾ എന്നിവ പുരോഗമിക്കുന്നു).
1.ഫുട്‌ബോൾ ടർഫും ഓപ്പൺ സ്റ്റേഡിയത്തിൽ സജ്ജമാക്കും. സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പൈൽ ക്യാപ് പകുതിയിലധികം പൂർത്തിയായി.
2. നീന്തൽക്കുളത്തിന്റെ പൈലിങ് ക്യാപ് പ്രവൃത്തികൾ പൂർത്തിയായി. നീന്തൽ കുളത്തിന് സമീപത്തുള്ള ബാലൻസിംഗ് ടാങ്ക് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു.
3. തോട് സംരക്ഷണ ഭിത്തി നിർമാണം 80% പൂർത്തിയായി.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും.
മന്ത്രി വീണാജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |