കൊച്ചി: ചികിത്സാ മേഖലയിലെ പണക്കൊതിക്കെതിരെ ജാഗ്രത വേണമെന്നും മറ്റു തൊഴിൽ മേഖലകളെപ്പോലെ ഇതും ഉപഭോക്തൃവത്കരണത്തിന്റെ ഭാഗമായി മാറുകയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സർക്കാർ ഡോക്ടർമാർ സാമ്പത്തിക നേട്ടമുള്ള പദവികളും മെച്ചപ്പെട്ട മേച്ചിൽപുറങ്ങളും തേടി സ്വകാര്യ മേഖലയിലേക്കും വിദേശങ്ങളിലേക്കും ചേക്കേറുമ്പോൾ പാവപ്പെട്ടവന് മികച്ച ചികിത്സ നഷ്ടപ്പെടുന്നു. അന്യായമായി അവധിയിൽ തുടരുന്ന 75 ലേറെ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുന്നതു സർക്കാർ പരിശോധിച്ചു വരികയാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
അനധികൃത അവധിയെടുത്തെന്ന പേരിൽ സർവീസിൽ നിന്നു പിരിച്ചുവിട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക് വിഭാഗം അസോ. പ്രൊഫസർ പി. ഗോപിനാഥനെ തിരിച്ചെടുക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലുൾപ്പെടെ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 2010 ഫെബ്രുവരി 20 മുതൽ അന്യായമായി അവധിയിലാണെന്ന് വിലയിരുത്തിയാണ് പിരിച്ചുവിട്ടത്. രോഗം ബാധിച്ചു കിടപ്പിലായതിനാൽ അവധിക്ക് അപേക്ഷിച്ചിരുന്നെന്നും ഇതു പരിഗണിക്കാതെ, അന്വേഷണം പോലും നടത്താതെ പിരിച്ചു വിട്ടെന്നുമായിരുന്നു ഹർജി. കിടപ്പിലാണെന്ന് പറഞ്ഞ സമയത്ത് ഡോക്ടർ അമേരിക്കയിലേക്ക് പോകാൻ വിസ തേടിയിരുന്നെന്നും വിദേശത്തേക്ക് ഉപരി പഠനത്തിനു പോകാൻ അനുമതി തേടിയിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. സർവീസിൽ തിരിച്ചുകയറുമ്പോൾ സീനിയോറിട്ടി ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കണമെന്നാവശ്യപ്പെട്ട് ഡോ. ഗോപിനാഥനും അപ്പീൽ നൽകിയിരുന്നു. അന്വേഷണം നടത്താതെയാണ് ഡോ. ഗോപിനാഥനെ പിരിച്ചു വിട്ടതെന്ന വാദം അംഗീകരിച്ച ഡിവിഷൻ ബെഞ്ച് ഇത്തരമൊരു നടപടി പാടില്ലെന്ന് നിർദ്ദേശിച്ചു. കിടപ്പിലായെന്നു പറയുന്ന സമയത്ത് അമേരിക്കൻ വിസയ്ക്കു വേണ്ടി എങ്ങനെ ഇന്റർവ്യൂവിനു പോയി എന്നതും വിദേശത്തു പോയി എങ്ങനെ ഉപരിപഠനം നടത്തുമെന്നതും ഹർജിക്കാരൻ ഉത്തരം പറയേണ്ട കാര്യങ്ങളാണെന്ന് ഹൈക്കോടതി വിലയിരുത്തി. ഡോ. ഗോപിനാഥനെ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവ് ഭേദഗതി ചെയ്ത ഡിവിഷൻ ബെഞ്ച് അന്യായമായി ഹാജരായില്ലെന്ന വിഷയത്തിൽ ആരോഗ്യവകുപ്പും സർക്കാരും ഉചിതമായ അന്വേഷണം നടത്തി തീരുമാനം എടുക്കാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |