
കോട്ടയം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ നിന്ന് അടർത്തിയെടുത്ത് കോട്ടയം ജില്ലാ പഞ്ചായത്തും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും തൂത്തുവാരിയ എൽ.ഡിഎഫ് വിജയം ആവർത്തിക്കാനുള്ള കരുനീക്കത്തിലാണ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട കോട്ട തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
പി.സി.ജോർജിന്റെ ജനപക്ഷം ബി.ജെ.പിയിൽ ലയിച്ചത് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ബി.ഡി.ജെ.എസ് ബന്ധം പടിഞ്ഞാറൻ മേഖലകളിലും കൂടുതൽ അക്കൗണ്ട് തുറക്കാൻ സഹായിക്കുമെന്ന വിലയിരുത്തലിലാണ് എൻ.ഡി.എ.
പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുമ്പോഴും ആർക്കും അനുകൂലമായ തരംഗ സൂചനകളില്ല.
ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയും വന്യജീവി ആക്രമണവും നെൽക്കർഷക പ്രശ്നങ്ങളുമെല്ലാം വോട്ടാകുമെന്നാണ് യു.ഡി.എഫ്, എൻ.ഡി.എ വിലയിരുത്തൽ. ക്ഷേമ പെൻഷനുകളും വന്യജീവി പ്രശ്ന പരിഹാരത്തിന് നിയമ നിർമ്മാണവും ശബരിമല സ്വർണക്കൊള്ള ആരോപണത്തെ മറികടന്നു ചർച്ചയായ രാഹൂൽ മാങ്കൂട്ടത്തിൽ പീഡനക്കേസും തുണയ്ക്കുമെന്ന് എൽ.ഡി.എഫ് കരുതുന്നു.
71 ഗ്രാമ പഞ്ചായത്തിൽ 50ലും 11 ബ്ലോക്കുകളിൽ പത്തിടത്തും 22 അംഗ ജില്ലാ പഞ്ചായത്തിൽ 14 ഡിവിഷനും എൽ.ഡി.എഫ് പക്ഷത്താണ്. നഗരസഭകളിൽ മാത്രമാണ് ആറിൽ നാലിടത്ത് യു.ഡി.എഫിന് ഭൂരിപക്ഷം.
ഇത്തവണ 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ പാതിയിലേറെ സ്ഥലത്തും പോരാട്ടം ശക്തമാണ്.
പ്രചാരണം കൊഴുപ്പിച്ച് നേതാക്കൾ
യു.ഡി.എഫ് പ്രചാരണത്തിന് കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി.ജെ.ജോസഫ് എന്നിവർ ഇറങ്ങി. മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി, പ്രചാരണത്തിൽ എം.വി. ഗോവിന്ദൻ, ബിനോയ് വിശ്വം എന്നിവർ രംഗത്തുണ്ട്. എൻ.ഡി.എക്കായി രാജീവ് ചന്ദ്രശേഖർ, അൽഫോൺസ് കണ്ണന്താനം, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ നേതാക്കളുമെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |