കൊല്ലം: കായികാദ്ധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ സ്കൂളിൽ ഏറ്റുമുട്ടൽ. പരിക്കേറ്റ രണ്ടുപേരും ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെ നഗരപരിധിയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
സ്കൂൾ കോമ്പൗണ്ടിൽ സഹപാഠികൾക്കൊപ്പം നിൽക്കുമ്പോൾ അദ്ധ്യാപകൻ എത്തി ക്ലാസിൽ പോകാൻ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നടന്നു പോകുന്നതിനിടെ അദ്ധ്യാപകൻ പിന്നിലെത്തി തള്ളിയെന്നും താക്കോൽ ഉപയോഗിച്ച് ഉപദ്രവിച്ചുവെന്നും വിദ്യാർത്ഥി പറയുന്നു.
എന്നാൽ, ഒരു വിദ്യാർത്ഥിനിയോട് മോശമായി സംസാരിച്ചതിനെ അദ്ധ്യാപകൻ ചോദ്യം ചെയ്തതതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് സ്കൂൾ അധികൃതർ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് അദ്ധ്യാപകരോട് കാര്യം പറയുന്നതിനിടെ വിദ്യാർത്ഥി എത്തി അദ്ധ്യാപകനോട് കയർത്തു. തുടർന്നാണ് കൈയ്യേറ്റമുണ്ടായതെന്ന് അവർ വിശദീകരിച്ചു.
രണ്ട് പേരും അഞ്ചാലുംമൂട് സ്റ്റേഷനിൽ പരാതി നൽകി. വിദ്യാർത്ഥി ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അദ്ധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ മന്ത്രി വി.ശിവൻകുട്ടി പ്രാഥമിക റിപ്പോർട്ട് തേടി. കർശന നടപടിയെടുക്കാൻ കൊല്ലം ഡി.ഡിക്ക് നിർദ്ദേശം നൽകിയതായി മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |