തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെ ദേശീയപാത 66ന്റെ നിർമ്മാണം വേഗത്തിലാക്കാൻ തീരുമാനം. നിർമ്മാണം മന്ദഗതിയിൽ നടക്കുന്ന വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ തൊഴിലാളികളെ എത്തിച്ച് നിർമ്മാണം വേഗത്തിലാക്കാമെന്ന് കരാറുകാർ ദേശീയപാത അതോറിട്ടിയെ അറിയിച്ചു.
നിർമ്മാണത്തിൽ മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി അതോറിട്ടിയെ അറിയിച്ചിരുന്നു. തുടർന്ന് ദേശീയപാത അതോറിട്ടി അധികൃതർ കരാറുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നിർമ്മാണ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗവും ചേർന്നു. എല്ലാ ജില്ലകളിലേയും നിർമ്മാണ പുരോഗതി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. നിർമ്മാണ വേഗത്തിനായി കർമ്മ പദ്ധതി തയ്യാറാക്കി നടപ്പാക്കാനും തീരുമാനിച്ചു. നിർമ്മാണം മന്ദഗതിയിലാണെന്നും കർമ്മ പദ്ധതി വേണമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒൻപതിന് 'കേരളകൗമുദി' വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി. കണ്ണൂർ ജില്ലയിലെ നടാലിൽ ബസുകൾക്കുകൂടി സഞ്ചരിക്കാവുന്ന വിധത്തിൽ അടിപ്പാത നിർമ്മിക്കാനും യോഗം നിർദ്ദേശിച്ചു. ഇത് പ്രത്യേക കേസായി പരിഗണിക്കണം.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, പി.രാജീവ്, കെ.കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പി.ഡബ്ല്യു.ഡി സെക്രട്ടറി കെ.ബിജു, ദേശീയപാത അതോറിട്ടി റീജിയണൽ ഓഫീസർ കേണൽ എ.കെ.ജാൻബാസ്, ജില്ലാകളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
തടസങ്ങൾ പരിഹരിക്കണം
1.നിർമ്മാണ പ്രവൃത്തിക്ക് തടസമുണ്ടാക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ബന്ധപ്പെട്ട ജില്ലാകളക്ടറും പൊലീസ് മേധാവിയും മുൻകൈയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു
2.പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തുവേണം പ്രവൃത്തികൾ നടത്താൻ. സാങ്കേതിക കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നിർമ്മാണം പൂർത്തിയാക്കണം
നിർമ്മാണ പുരോഗതി
17 സ്ട്രച്ചുകളിലായി ആകെ 642 കി.മീറ്റർ. 480 കി.മീറ്റർ ഡിസംബറോടെയും
മാർച്ചിൽ ആകെ 560 കി.മീറ്ററും പൂർത്തിയാകും.
ജില്ലാതലത്തിൽ
പൂർത്തിയായത്
കാസർകോട് 83ൽ 70കി.മീറ്റർ
കണ്ണൂർ 65ൽ 48 കി.മീറ്റർ
കോഴിക്കോട് 69ൽ 55 കി.മീറ്റർ
മലപ്പുറം 77ൽ 76 കി.മീറ്റർ
തൃശൂരിൽ 62ൽ 42 കി.മീറ്റർ
എറണാകുളം 26ൽ 9 കി.മീറ്റർ
ആലപ്പുഴ 95ൽ 34 കി.മീറ്റർ
കൊല്ലം 56ൽ 24 കി.മീറ്റർ
തിരുവനന്തപുരം 30ൽ 5 കി.മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |