വയനാട്: മുള്ളംകൊല്ലി പഞ്ചായത്ത് അംഗവവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്തു. വീടിന് സമീപത്തെ കുളക്കടവിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. വിഷം കഴിച്ച ശേഷം കൈഞരമ്പ് മുറിച്ച് കുളത്തിൽ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആദ്യം പുൽപ്പള്ളിയിലെ ആശുപത്രിയിലായിരുന്നു മൃതദേഹം
പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മുള്ളൻകൊല്ലി രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് കനാട്ടുമല തങ്കച്ചന്റെ വീട്ടിൽ മദ്യവും സ്ഫോടക വസ്തുവും അടുത്തിടെ കണ്ടെത്തിയിരുന്നു. ജോസ് നെല്ലേടം ഉൾപ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്ന് തങ്കച്ചൻ ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. തങ്കച്ചൻ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ജോസ് നേല്ലേടം ഉൾപ്പെടെയുള്ള എൻപി അപ്പച്ചൻ ഗ്രൂപ്പിൽപ്പെട്ട ആളുകൾക്ക് സംഭവത്തിന് പങ്കുണ്ടെന്നായിരുന്നു തങ്കച്ചന്റെ ആരോപണം.
അതുമായി ബന്ധപ്പെട്ട് പൊലീസ് അന്വഷണം നടക്കുകയാണ്. ആദ്യം കേസുമായി ബന്ധപ്പെട്ട് തങ്കച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് പ്രസാദ് എന്നയാളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതോടെ തങ്കച്ചൻ നിരപരാധിയാണെന്ന് വ്യക്തമായി. ഇതോടെയാണ് തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിൽ ജോസ് നെല്ലേടം ഉൾപ്പെടെയുള്ളവരാണെന്ന് തങ്കച്ചൻ വെളിപ്പെടുത്തിയത്. ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പറയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |