തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപി ക്കെതിരായ സിപിഎം അക്രമം ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,
ജനപ്രതിനിധിക്ക് നേരെ സിപിഎം കയ്യേറ്റം നടത്തുമ്പോൾ പൊലീസ് നോക്കിനിന്നു. പ്രതികളെ തടയാനോ അറസ്റ്റ് ചെയ്യാനോ തയ്യാറായില്ലെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ലോക്‌സഭയിലേക്ക് വടകരയിൽ നിന്ന് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാഫിയോട് സിപിഎമ്മിന് കടുത്ത വിരോധമുണ്ട്. അന്ന് കാഫിർ സ്‌ക്രീൻഷോർട്ട് ഉൾപ്പെടെയുള്ള വ്യാജപ്രചരണം നടത്തി ഷാഫിയെ പരാജയപ്പെടുത്താൻ സിപിഎം ശ്രമിച്ചു. അത്തരം നുണ പ്രചരണങ്ങളെയെല്ലാം പരാജയപ്പെടുത്തിയാണ് ജനകീയ കോടതിയിൽ വൻ ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ വിജയിച്ചത്. അദ്ദേഹത്തെ ആക്രമിക്കാനും അധിക്ഷേപിക്കാനും സി.പി.എം ശ്രമിച്ചത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അക്രമത്തെ ഷാഫി തന്റേടത്തോടെയാണ് നേരിട്ടത്. അക്രമം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയും ഇത്തരം പ്രവൃത്തികളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും തയ്യാറാകണം. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് അക്രമം നടത്തിയ മാർക‌്സിസ്റ്റ് ഗുണ്ടകളെ നിയന്ത്രിക്കാൻ സിപിഎമ്മും സർക്കാരും തയ്യാറാകേണ്ടതായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിച്ചാൽ കോൺഗ്രസ് കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നല്‍കി. കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |