തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം കൂടി നടത്തുന്നത് ഒന്നാന്തരം പ്രഹസനമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക കേരള സഭയുടെ മറ്റൊരു പതിപ്പാണ് അയ്യപ്പ സംഗമം. തിരഞ്ഞെടുപ്പിന് വേണ്ടി പണപ്പിരിവാണ് ലക്ഷ്യം. അഴിമതിയും വികസനമുരടിപ്പുമായി മുഖം നഷ്ടപ്പെട്ട പിണറായി സർക്കാർ മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുകയാണ്. ശബരിമലയ്ക്ക് മാസ്റ്റർ പ്ലാൻ പോലുമില്ലാത്തവരാണ് ഇതിനായി ഇറങ്ങുന്നത്. കഴിഞ്ഞ 9 വർഷമായി ഭൂരിപക്ഷങ്ങളുടെയും ന്യൂനപക്ഷങ്ങളെയും കുറിച്ചൊന്നും സിപിഎമ്മിന് ആശങ്കയുണ്ടായിരുന്നില്ലേ?. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനത്തെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് നീക്കം. ന്യൂനപക്ഷ-ഭൂരിപക്ഷ സംഗമമെന്നെല്ലാമുള്ള നാടകം ജനം തിരിച്ചറിയും.
കേരളത്തിലെ സിപിഎം തടിച്ചു കൊഴുത്തത് എങ്ങനെയെന്നതിന്റെ നേർസാക്ഷ്യമാണ് തൃശൂരിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ ശബ്ദരേഖയെന്നും വി. മുരളീധരൻ പറഞ്ഞു.
ആരോഗ്യവകുപ്പ്
വെന്റിലേറ്ററിൽ:
വി.ഡി. സതീശൻ
കൊച്ചി: ലോകത്തുള്ള എല്ലാ അസുഖങ്ങളും കേരളത്തിലുണ്ടെങ്കിലും നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വകുപ്പ് വെന്റിലേറ്ററിലാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 16 പേർ മരിച്ചിട്ടും ബോധവത്കരണം പോലും നടത്തുന്നില്ല.
അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും സംഘടിപ്പിച്ച് സർക്കാർ തമാശയാക്കരുത്. തിരഞ്ഞെടുപ്പിലെ തോൽവി തുറിച്ചു നോക്കുന്നതിനാലാണ് അയ്യപ്പ സംഗമവും ന്യൂനപക്ഷങ്ങൾക്കായി മറ്റൊരു സംഗമവും നടത്തുന്നത്. എല്ലാ മതങ്ങളുടെയും ജാതികളുടെയും ഉപജാതികളുടെയും സംഗമം സർക്കാർ നടത്തട്ടെ.അടൂരിൽ ഡി.വൈ.എഫ്.ഐ നേതാവിനെ പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ നേതാവിനെ പോലും സ്റ്റേഷനിൽ തല്ലിക്കൊല്ലുന്ന പൊലീസാണെങ്കിൽ പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തട്ടിക്കൂട്ട് സമ്മേളനങ്ങൾ
ജനശ്രദ്ധ മാറ്റാൻ:
സണ്ണി ജോസഫ്
കൊച്ചി:പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങളിൽ ഉത്തരം മുട്ടിയ സർക്കാർ ജനശ്രദ്ധ തിരിക്കാനാണ് തട്ടിക്കൂട്ട് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.എം.എൽ.എ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്തുന്നതിന് അയോഗ്യതയില്ല.സ്പീക്കറാണ് അതിൽ സംരക്ഷണം നൽകേണ്ടതെന്നും അച്ചടക്കനടപടി പാർട്ടി നേതൃത്വം യോജിച്ചെടുത്തതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.കൂടാതെ വീട്ടിൽനിന്നു മദ്യവും സ്ഫോടക വസ്തുക്കളും പിടിച്ച കേസിൽ വയനാട് പുൽപ്പള്ളി സ്വദേശി തങ്കച്ചനെ പരാതിയുടെ ആധികാരികത പരിശോധിക്കാതെ 17 ദിവസത്തോളം ജയിലിലടച്ചത് തെറ്റാണ്.മദ്യം കണ്ടെടുത്തത് കാർപോർച്ചിൽ നിന്നാണ്.തങ്കച്ചനെ കുടുക്കിയവർ ആരൊക്കെയാണെന്ന് പൊലീസ് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |