
തിരുവനന്തപുരം: വിമാനത്താവളത്തിൽ എത്തിയ വാഹനത്തിൽ എന്താണെന്ന ചോദ്യത്തിന് ബോംബ് എന്ന വാക്കുപയോഗിച്ച ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ സുരക്ഷാജീവനക്കാരെ പരിഭ്രാന്തിയിലാക്കി എന്നാണ് കേസ്. കോഴിക്കോട് വടകര സ്വദേശി സുജിത്തിനെയാണ് (44) സിഐഎസ്എഫിന്റെ പരാതിയിൽ വലിയതുറ പൊലീസ് അറസ്റ്റുചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെ ഗേറ്റ് നമ്പർ പത്തിൽ ഇന്ന് രാവിലെയാണ് സംഭവം.
സിഐഎസ്എഫിന്റെ പരിശോധനക്ക് ശേഷമാണ് വാഹനങ്ങൾക്ക് വിമാനത്താവളത്തിനുള്ളിലെ എയർസൈഡ് ഉൾപ്പെട്ട ഭാഗത്തേക്ക് പ്രവേശിക്കാൻ കഴിയുക. വിമാനത്താവളത്തിലെ സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്ത്. എയർസൈഡിലുള്ള സ്വിവറേജ് മാലിന്യമെടുക്കാൻ വന്ന വാഹനത്തിലുണ്ടായിരുന്ന പൊതി എന്താണെന്ന് ആയിരുന്നു സുരക്ഷാജീവനക്കാരുടെ ചോദ്യം. പഴങ്ങൾ ഉൾപ്പെട്ട പൊതിയായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇത് പരിശോധിക്കുന്നതിനിടെ 'ബനാന ഈസ് നോട്ട് എ ബോംബ്' എന്ന് സുജിത് ഉദ്യോഗസ്ഥരോട് പറഞ്ഞു.
തുടർന്ന് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുവച്ച് ബോംബ് ത്രെഡ് അസസ്മെന്റ് കമ്മിറ്റി കൂടുകയും വാഹനം വിശദമായി പരിശോധിക്കുകയും ചെയ്തു. വാഹനത്തിൽ ബോംബ് ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം ബോംബ് എന്ന വാക്കുപയോഗിച്ചതിന് ഇയാളെ തടഞ്ഞുവെച്ച് വലിയതുറ പോലീസിന് കൈമാറി. സുജിത്തിനെതിരെ കേസെടുത്തതായി വലിയതുറ എസ്എച്ച്ഒ വി അശോക് കുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |