പുൽപ്പളളി: മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ(55) വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലെ ആരോപണവിധേയരിൽ ഒരാളായിരുന്നു ജോസ്. ഇന്നലെ രാവിലേ നാട്ടുകാരാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ചിട്ടുണ്ട്.
കള്ളക്കേസിൽ ചോദ്യം ചെയ്യലിനായി ജോസിനെ കഴിഞ്ഞ ദിവസം പൊലീസ് വിളിപ്പിച്ചിരുന്നു. എന്നാൽ പ്രതിചേർത്തിരുന്നില്ല. ചോദ്യം ചെയ്യലിനുശേഷം ജോസ് വലിയ മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ മാസം 22ന് രാത്രിയാണ് തങ്കച്ചന്റെ വീട്ടിൽ മദ്യവും സ്‌ഫോടകവസ്തുവും കണ്ടെത്തിയത്. അറസ്റ്റിലായ തങ്കച്ചന് 17 ദിവസം ജയിലിൽ കഴിയേണ്ടിവന്നു. ഇവ തങ്കച്ചന്റെ വീട്ടിൽ കൊണ്ടുവച്ചത് മരക്കടവ് സ്വദേശി പി.എസ്. പ്രസാദ് ആണെന്നു കണ്ടെത്തി ഇയാളെ അറസ്റ്റു ചെയ്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
പ്രാദേശിക കോൺഗ്രസിലെ ഗ്രൂപ്പ് പോരായിരുന്നു കള്ളക്കേസിൽ കുടുക്കുന്നതിലേക്ക് നയിച്ചത്. സംഭവത്തിന് പിന്നിൽ ജോസ് ഉൾപ്പെടെയുള്ളവരാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെ ഗ്രൂപ്പിൽപ്പെട്ട ജോസിനും പങ്കുണ്ടെന്നായിരുന്നു ആരോപണം. പ്രസാദിന് മദ്യം വാങ്ങാൻ പണം നൽകിയത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയാണെന്നും തങ്കച്ചൻ പറഞ്ഞിരുന്നു. കർണാടകത്തു നിന്നാണ് മദ്യം വാങ്ങിയത്.
വിമതനായി മത്സരിച്ച് പഞ്ചായത്തിൽ ജയിച്ച ശേഷം വീണ്ടും കോൺഗ്രസിലെത്തിയതാണ് ജോസ്. ഭാര്യ: ഷീജ. മക്കൾ: അനീഷ (ദുബയ്), ആദർശ് (ബംഗളൂരു). സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് പട്ടാണിക്കൂപ്പ് ഉണ്ണിശോ പള്ളി സെമിത്തേരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |