പുതുക്കിയ വില കമ്പനികൾ സർക്കാരിനെ അറിയിക്കണം
കൊച്ചി: ചരക്ക് സേവന നികുതി(ജി.എസ്.ടി) സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കളിലെത്തിക്കാൻ കേന്ദ്ര സർക്കാർ സംവിധാനം ഒരുക്കുന്നു. ജി.എസ്.ടി 2.0 സെപ്തംബർ 22ന് നടപ്പാകുമ്പോൾ അവശ്യ സാധനങ്ങൾക്കും കൺസ്യൂമർ ഉത്പന്നങ്ങൾക്കും കാറുകൾക്കും ഗണ്യമായി വില കുറയുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ കമ്പനികൾ ഉത്പന്നങ്ങളുടെ വില കൂട്ടി ജി.എസ്.ടി ഇളവിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് കൈമാറാൻ വിമുഖത കാട്ടുമെന്ന ആശങ്കകൾ വിവിധ മേഖലയിൽ നിന്നുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജി.എസ്.ടി കുറച്ചതിന് ശേഷം ഉത്പന്നങ്ങളുടെ പുതുക്കിയ വിലനിലവാരം അറിയിക്കാൻ കേന്ദ്ര സർക്കാർ കമ്പനികൾക്ക് നിർദേശം നൽകിയത്. വിലയിൽ കൃത്രിമത്വം കാണിക്കുന്നതിന് തടയിടാൻ ഓരോ മാസവും 54 ഉത്പന്നങ്ങളുടെ വില നിലവാര പട്ടിക സമർപ്പിക്കണമെന്നാണ് സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ട് ടാക്സസ് ആൻഡ് എക്സൈസ്(സി.ബി.ഐ.സി) ആവശ്യപ്പെട്ടത്. വെണ്ണ, തെർമോമീറ്റർ, കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളുടെ ജി.എസ്.ടി പരിഷ്‌കരണത്തിന് ശേഷമുള്ള വിശദമായ വില പട്ടിക കമ്പനികൾ സമർപ്പിക്കണം. അടുത്ത ആറ് മാസത്തേക്ക് എല്ലാ ഇരുപതാം തിയതിയും വില വിവരങ്ങൾ സി.ബി.ഐ.സിക്ക് നൽകണം.
പുതുക്കിയ വില പ്രദർശിപ്പിക്കണം
സെപ്തംബർ 22ന് ശേഷം അഞ്ച് ശതമാനം, 18 ശതമാനം സ്ളാബുകളാണ് ഭൂരിപക്ഷ ഉത്പന്നങ്ങളും ബാധകം. പാപ, ആഡംബര പട്ടികയിലുള്ള ചുരുക്കം ഉത്പന്നങ്ങൾക്ക് 40 ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ജി.എസ്.ടി പരിഷ്കരണം നടപ്പാകും മുമ്പ് കൺസ്യൂമർ ഡ്യൂറബിൾസ്, വാഹനങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ തുടങ്ങിയവയുടെ പുതുക്കിയ വില പട്ടിക ജി.എസ്.ടി പോർട്ടലിലും ഷോറൂമുകളിലും പ്രദർശിപ്പിക്കണമെന്നും നിർബന്ധമാണ്. വില നിശ്ചയിക്കുന്നതിലും നികുതി ഈടാക്കുന്നതിലും സുതാര്യതയും സ്ഥിരതയും ഉറപ്പാക്കാനാണ് ലക്ഷ്യം.
വിലയിൽ പ്രതീക്ഷിക്കുന്ന കുറവ്
ഫാസ്‌റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സിന്റെ(എഫ്.എം.സി.ജി) വില പത്ത് ശതമാനം വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുടെ വില പത്ത് മുതൽ പന്ത്രണ്ട് ശതമാനം വരെ വില താഴുമെന്നും കമ്പനികൾ പറയുന്നു. ഭക്ഷ്യ വില സൂചികയിൽ 0.35 ശതമാനം വരെ കുറവുണ്ടായേക്കും.
എഫ്.എം.സി.ജി രംഗത്ത് വില കുറയാൻ സമയമെടുക്കും
എഫ്.എം.സി.ജി മേഖലയിൽ ജി.എസ്.ടി ഇളവിന്റെ നേട്ടം അടുത്ത മാസം പകുതിയോടെ മാത്രമേ ദൃശ്യമാകൂ. എം.ആർ.പി അടിസ്ഥാനത്തിലാണ് എഫ്.എം.സി.ജി മേഖല പ്രവർത്തിക്കുന്നത്. അതിനാൽ റീട്ടെയിൽ വിൽപ്പനക്കാരുടെ സ്‌റ്റോക്ക് തീരുന്നതു വരെ വിലയിൽ മാറ്റമുണ്ടായേക്കില്ല. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയിൽ വരും ദിവസങ്ങളിൽ തടസങ്ങൾ നേരിട്ടേക്കും.
ജി.എസ്.ടി ഇളവിലൂടെ വിപണിയിൽ അധികമെത്തുന്നത്
ഒരു ലക്ഷം കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |