തിരുവനന്തപുരം: ക്ളാസ് മുറിയിൽ കൂട്ടുകാർ തെളിമയോടെ കാഴ്ചകൾ കാണുമ്പോൾ അത് അന്യമായ നാലാംക്ളാസുകാരി ഫൈഹ അകക്കണ്ണിൽ വിരിയുന്ന കാഴ്ചകൾ കവിതകളാക്കുകയാണ്. കേട്ടറിഞ്ഞ നാടിനെക്കുറിച്ച്, പൂക്കളെക്കുറിച്ച്, ഉരുൾ ദുരന്തമാടിയ വയനാടിനെക്കുറിച്ച്. ഫൈഹ എഴുതിയ 20 കവിതകളുടെ സമാഹാരമായ 'ബാല്യത്തിൻ മൊട്ടുകൾ' 18, 19 തീയതികളിൽ കനകക്കുന്നിൽ പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവമായ 'അക്ഷരക്കൂട്ടിൽ' പ്രദർശിപ്പിക്കും. 140 കുട്ടി എഴുത്തുകാരാണ് അതിൽ പങ്കെടുക്കുന്നത്. അതിലേക്കാണ് ഫൈഹയ്ക്കും ക്ഷണം.
കോഴിക്കോട് താമരശ്ശേരി കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി.എസിലെ വിദ്യാർത്ഥിനിയായ ഫൈഹയ്ക്ക് ജന്മനാ കാഴ്ചശക്തിയില്ല. മൂന്നാംക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കവിതയെഴുതിയത്. നാലുവരി കവിത നൽകി ബാക്കി സ്വയം എഴുതിച്ചേർക്കാനായി മലയാളം ടീച്ചർ സെലിൻ നൽകിയതോടെയാണ് അവളിലെ കവിത തിരിനീട്ടിയത്.
അറബിക് അദ്ധ്യാപകൻ ജാഫർ സാദിഖ് നൽകിയ ചോദ്യത്തിലും അവളുടെ അറബിക് കവിത പിറന്നു. അദ്ധ്യാപകരാണ് മാതാപിതാക്കളോട് മകളുടെ സാഹിത്യാഭിരുചിയെക്കുറിച്ച് പറഞ്ഞത്.
കോഴിക്കോട് സ്വതന്ത്രബുക്സ് പ്രസിദ്ധീകരിച്ച ആദ്യ കവിതാസമാഹാരം സ്കൂളിന്റെ പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി മുൻവിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീറാണ് പ്രകാശിപ്പിച്ചത്. ഫൈഹ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന രാവും മുല്ലയും എന്ന കഥാസമാഹാരത്തിന്റെ കവർപേജും സാഹിത്യോത്സവത്തിൽ പ്രകാശിപ്പിക്കും.
താമരശ്ശേരി കൊട്ടാരകോത്ത് സ്വദേശിയാണ് ഫൈഹ. കോഴിക്കോട് പി.എസ്.സി ഓഫീസിലെ അസിസ്റ്റന്റായ കാഴ്ചപരിമിതനായ പിതാവ് മുഹമ്മദ് സാലിഹ് ചെസ് താരം കൂടിയാണ്. 2018ലെ പാരാ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട് അദ്ദേഹം. അമ്മ സംഷാദ. സഹോദരങ്ങൾ ഹന്ന, ഹാദി.
'വിദ്യാലയം പോലും
മാഞ്ഞുപോയി...'
'അമ്മയുമിന്നില്ല അച്ഛനുമിന്നില്ല, കൂടെപ്പിറപ്പുകളൊന്നുമില്ല, പള്ളിയുമിന്നില്ല, അമ്പലവുമില്ല
വിദ്യാലയം പോലും മാഞ്ഞുപോയി..' വയനാട് ഉരുൾദുരന്തത്തെക്കുറിച്ച് ഫൈഹ എഴുതിയ വരികളാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |