കിളിമാനൂർ: സംസ്ഥാനത്ത് പ്രതിപക്ഷം നിർജ്ജീവമാണെന്നും തങ്ങളുടെ നേതാക്കൾ പൊലീസ് മർദ്ദനത്തിൽ അടികൊണ്ട് നടുവൊടിഞ്ഞ് കിടക്കുമ്പോഴും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഒരുമിച്ചിരുന്ന് തമാശ പറയുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പാറശാല എസ്.എച്ച്.ഒ പി.അനിൽകുമാറിന്റെ കാറിടിച്ച് മരണപ്പെട്ട കിളിമാനൂർ ചേണിക്കുഴി മേലെവിള കുന്നിൽ വീട്ടിൽ രാജന്റെ (59) വീട്ടിലെത്തി സഹോദരിയെയും മക്കളെയും കണ്ടാശ്വസിപ്പിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർദ്ധന കുടുംബമായ രാജന്റെ കുടുംബത്തിനാവശ്യമായ സഹായങ്ങൾ നൽകാമെന്ന് വി.മുരളീധരൻ ഉറപ്പുനൽകി. കിളിമാനൂർ ചിറ്റിലഴികത്തെ രാജൻ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ.പി ശക്തമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.ഈ മാസം 7ന് പുലർച്ചെയാണ് കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം റോഡരികിൽ രാജനെ വാഹനമിടിച്ചിട്ട നിലയിൽ കണ്ടത്. കിളിമാനൂർ പൊലീസ് സി.സി.ടി.വികൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് രാജനെ ഇടിച്ച വാഹനം പാറശാല എസ്.എച്ച്.ഒ നിലമേൽ കൈതോട് എ.എസ്.വില്ലയിൽ പി.അനിൽ കുമാറിന്റേതാണെന്ന് കണ്ടെത്തിയത്. ഇതിനിടയിൽ അനിൽകുമാർ വാഹനത്തിലുണ്ടായ കേടുപാടുകൾ തീർത്തിരുന്നു. അനിൽ കുമാറിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച ഉണ്ടായതായി റൂറൽ എസ്.പി ഡി.ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും,കാർ കസ്റ്റഡിയിലെടുത്തതൊഴികെ നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയോ പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചെയ്‌തിട്ടില്ല. പ്രതി ഒളിവിലാണെന്ന ന്യായമാണ് പൊലീസ് നിരത്തുന്നത്. കടുത്ത നടപടി സ്വീകരിക്കാതെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വി.മുരളീധരൻ കുടുംബത്തെ കാണാനെത്തിയത്. നോർത്ത് ജില്ലാ പ്രസിഡന്റ് റജികുമാറും പ്രാദേശിക ബി.ജെ.പി നേതാക്കളും മുരളീധരനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |