കൊച്ചി: ആചാരപരമായി നടക്കുന്ന വിവാഹങ്ങൾക്ക് പിന്നീട് ഓൺലൈനായി ലഭിക്കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ വിവാഹത്തിയതി രേഖപ്പെടുത്താത്തത് നിയമസാധുത ഇല്ലാതാക്കുന്നതായി ഹൈക്കോടതി. രജിസ്ട്രേഷൻ നടന്ന തീയതി മാത്രമാണ് നിലവിൽ രേഖപ്പെടുത്തുന്നത്. 'പേൾ" പോർട്ടലിന്റെ സോഫ്റ്റ്‌വെയർ ന്യൂനതയാണ് കാരണമെന്നു കണ്ടെത്തിയ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, പിഴവ് തിരുത്താൻ നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും രജിസ്ട്രേഷൻ ഐ.ജിക്കും നിർദ്ദേശം നൽകി.
വിവാഹത്തിയതി ഇല്ലാത്തതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രവാസി ദമ്പതികൾ നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. തിയതി രേഖപ്പെടുത്തിക്കിട്ടാനായി കാക്കനാട്ടെ മാര്യേജ് ഓഫീസറെയും ജില്ലാ ഓഫീസറെയും സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.സർട്ടിഫിക്കറ്റുകൾ സോഫ്റ്റ്‌വെയർ സ്വമേധയാ തയാറാക്കുന്നതിനാൽ തിരുത്താൻ മാർഗമില്ലെന്നാണ് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്. എന്നാൽ നിലവിലെ ഓൺലൈൻ ഫോർമാറ്റിലും വിവാഹം നടന്ന തിയതി രേഖപ്പെടുത്താൻ കോളമുണ്ടെന്ന് കോടതിയുടെ പരിശോധനയിൽ വ്യക്തമാക്കി. സോഫ്റ്റ്‌വെയർ പരിഷ്കരിച്ചാൽ പ്രശ്നം പരിഹാരിക്കാമെന്നും വിലയിരുത്തി.
വിവാഹച്ചടങ്ങിന്റെ തെളിവുകൾ ഹാജരാക്കിയാൽ തിയതി രേഖപ്പെടുത്തി നൽകുന്നതായിരുന്നു മുൻ രീതി. അത് ഓൺലൈൻ സംവിധാനത്തിലും പാലിക്കണം. ലളിതമായ നടപടിക്രമങ്ങളിലൂടെ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ കിട്ടാനാണ് പോർട്ടൽ സജ്ജമാക്കിയത്. എന്നാൽ തിയതി രേഖപ്പെടുത്തിക്കിട്ടാൻ ജനം നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. സ്പെഷ്യൽ മാര്യേജ് ആക്ടിലെ അഞ്ചാം ഷെഡ്യൂൾ പ്രകാരം സർട്ടിഫിക്കറ്റിൽ
വിവാഹ തിയതി നിർബന്ധമാണ്. മറിച്ചുള്ള നടപടിക്രമങ്ങൾ വ്യർത്ഥമാണെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർക്ക് ഒരു മാസത്തിനകം പിഴവുതിരുത്തിയ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടു.2022 ജൂലായിൽ വിവാഹിതരായ ഹർജിക്കാർ വിദേശത്തായതിനാൽ ഒക്ടോബറിലാണ് അപേക്ഷിച്ചത്. ഒക്ടോബറിലെ തിയതി വച്ചാണ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |