ചേർത്തല : ദേശീയപാതയിൽ ചേർത്തല പൊലീസ് സ്റ്റേഷനു സമീപം പാലത്തിന്റെയും അടിപ്പാതയുടെയും നിർമ്മാണം നടക്കുന്നിടത്തേക്ക് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി 28 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെയാണ് കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറുമടക്കം 10പേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നട്ടെല്ലിനു പരിക്കേൽക്കുകയും കാലൊടിയുകയും ചെയ്ത ബസ് ഡ്രൈവർ കൊല്ലം നീണ്ടൂർ എടത്തറവീട്ടിൽ ശ്രീരാജ് സുരേന്ദ്രൻ (33),കണ്ടക്ടർ തിരുവനന്തപുരം സുജിനാഭവനിൽ സുജിത് (38),കൊല്ലം മേച്ചേരി പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ (57),ബീഹാർ സ്വദേശി മുഹമ്മദ് ബഷീർ(31), കാലടി ചേരാനല്ലൂർ തൈക്കാത്ത് സിജി ബാബു (42), തിരുവനന്തപുരം ആര്യാങ്കാവ് പാറവിള പുത്തൻവീട്ടിൽ അജിത്കുമാർ (52),പാലക്കാട് ഹെഡ് ഓഫീസ് പോസ്റ്റൽ ക്വാർട്ടേഴ്സിൽ അനൂപ് (40),ചേർപ്പുളശേരി തറയിൽവീട്ടിൽ അരുൺകുമാർ(36),കോയമ്പത്തൂർ സ്വദേശിനികളായ ഉഷ(32), ശൈലജ (45) എന്നിവരെയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവരിൽ ശൈലജ ട്രോമോ ഐ.സി.യുവിലാണ്. സിജി ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരനായ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പാതിരപ്പള്ളി സ്വദേശി ടി.വിനോദ്കുമാർ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
അടിപ്പാതയുടെ രണ്ടാംഘട്ട നിർമ്മാണ ഭാഗത്ത് കോൺക്രീറ്റിങ്ങിനായി കെട്ടിയ കമ്പിയിലേയ്ക്കാണ് ബസ് ഇടിച്ചുകയറിയത്. നിർമ്മാണം നടക്കുന്നതിനാൽ ഇവിടെ വാഹനങ്ങൾ തിരിച്ചുവിടാൻ താത്കാലിക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഇത് കാണാതെ ബസ് മുന്നോട്ടു പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.റോഡിലെ വെളിച്ചക്കുറവും കാരണമായി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. ചേർത്തലയിൽ നിന്ന് അഗ്നിശമനസേനയെത്തി മുൻഭാഗം പൊളിച്ചാണ് ഡ്രൈവറെയും കണ്ടക്ടറെയും മുൻനിരയിലിരുന്നവരെയും പുറത്തെത്തിച്ചത്. ബസിനുള്ളിൽ തെറിച്ചുവീണും സീറ്റിലും കമ്പികളിലും തലയിടിച്ചുമാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. ചേർത്തല സി.ഐ ജി.അരുണിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസും അഗ്നിശമന സേനയും, നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |