തിരുവനന്തപുരം: പൊലീസിനെതിരേ സമീപകാലത്തുണ്ടായ ആരോപണങ്ങളിൽ സ്വീകരിച്ച നടപടികൾ നിയമസഭയിൽ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റോജി എം.ജോണിന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് വിശദീകരണം.
കുന്നംകുളം സ്റ്റേഷനിൽ മർദ്ദനത്തിനിരയായെന്ന് സുജിത്ത് 2023 ഏപ്രിൽ 12ന് തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അന്വേഷണത്തിനുശേഷം എസ്.ഐ,4 സി.പി.ഒമാർ എന്നിവരെ സ്ഥലംമാറ്റി. ഇവരുടെ വാർഷികവേതന വർദ്ധനവ് രണ്ടുവർഷത്തേക്ക് തടഞ്ഞു. കഴിഞ്ഞ ആറിന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അച്ചടക്ക നടപടിയുടെ പുനഃപരിശോധന നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പീച്ചി സ്റ്റേഷനിൽ ഹോട്ടലുടമ ഔസേഫിന്റെ മകനെയും ജീവനക്കാരെയും എസ്.എച്ച്.ഒ രതീഷ് മർദ്ദിച്ചെന്നാണ് പരാതി. രണ്ട് കേസുകൾ മണ്ണുത്തി എസ്.എച്ച്.ഒ അന്വേഷിക്കുകയാണ്. രതീഷിനെ തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റിലേക്ക് മാറ്റിയെന്നുമാണ് വിശദീകരണം. എന്നാൽ ഇന്നലെ വൈകിട്ടോടെ രതീഷിനെ സസ്‌പെന്റ് ചെയ്തു.
കൊല്ലം കണ്ണനല്ലൂർ സ്റ്റേഷനിൽ പരാതിക്കാരിക്കൊപ്പമെത്തിയ സജീവ് പൊലീസുകാരനോട് കയർത്തുസംസാരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്‌തതിന് കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇൻവെട്ടറിന്റെ ബാറ്ററി കാണാതായതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസിനോട് അമൽ ആന്റണി നിസഹകരിച്ചിരുന്നു. തുടർന്ന് അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരാതിക്കാരൻ ബാറ്ററി പരിശോധിച്ച് തന്റേതല്ലെന്ന് വ്യക്തമാക്കിയപ്പോൾ വിട്ടയച്ചു.
സ്വർണമാല മോഷണം പോയെന്ന വീട്ടുടമയുടെ പരാതിയിൽ ജോലിക്കാരിക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ പരാതിക്കാരി മാല തിരികെ കിട്ടിയതായും തുടരന്വേഷണം ആവശ്യമില്ലെന്നും അറിയിച്ചു. ഇക്കാര്യം കോടതിയെ അറിയിച്ചു. പ്രതിചേർക്കപ്പെട്ട യുവതി പിന്നീട് പൊലീസിനെതിരെ നൽകിയ പരാതിയിൽ എസ്.ഐ പ്രസാദിനെയും ഗ്രേഡ് എ.എസ്.ഐ പ്രസന്നകുമാറിനെയും സസ്‌പെൻഡ് ചെയ്തു. പൊലീസുകാരെ പ്രതികളാക്കി ക്രിമിനൽ കേസെടുത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടൂരിൽ 2020ജനുവരി ഒന്നിനുണ്ടായ വാഹനാപകടക്കേസിൽ വാഹനമോടിച്ചിരുന്നയാൾക്കെതിരെ മദ്യപിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം വരുത്തിയതിനും കേസെടുത്തു. അഞ്ചുമാസത്തിനുശേഷം വ്യക്തി വീട്ടിൽ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിക്കവെ മരിച്ചു. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ചിറയിൻകീഴ് സ്റ്റേഷനിൽ പരാതിക്കാരന്റെ കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചെന്ന എസ്.ഐയ്ക്കെതിരായ പരാതിയിൽ ജില്ലാ സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം നടത്തുകയാണ്. കുണ്ടറ സ്റ്റേഷനിൽ 2024 ഒക്‌ടോബർ 10ന് തോംസൺ തങ്കച്ചൻ ഭാര്യയെയും കുടുബാംഗങ്ങളെയും ഉപദ്രവിച്ചതിന് കേസെടുത്തിരുന്നു. രണ്ടുമാസത്തിനുശേഷം ഇയാളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമിതമദ്യപാനവും പാൻക്രിയാസിലും പിത്താശയത്തിലുമുള്ള രോഗവുമാണ് മരണകാരണമെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്റ്റേഷനിലെ സി.സി ടിവി:
വിശദീകരണം തേടി
ഹൈക്കോടതി
കൊച്ചി: പൊലീസ് സ്റ്റേഷനുകളിലെ സി.സി ടിവികളുടെ പ്രവർത്തനം, മനുഷ്യാവകാശക്കോടതികളുടെ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. കുന്നംകുളത്ത് പൊലീസ് മർദ്ദനത്തിനിരയായ കോൺഗ്രസ് നേതാവ് വി.എസ്. സുജിത് അടക്കമുള്ളവർ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നിർദ്ദേശം. എല്ലാ സ്റ്റേഷനുകളിലും ക്യാമറ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നതിലടക്കമാണ് വിശദീകരണം നൽകേണ്ടത്. മനുഷ്യാവകാശ നിയമത്തിൽ പരാമർശിക്കുന്ന കോടതികളുടെ (ചുമതലപ്പെടുത്തിയ സെഷൻസ് കോടതികൾ) ഫലപ്രദമായ പ്രവർത്തനം ഉറപ്പുവരുത്താൻ അധികൃതർക്ക് മാർഗനിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |