'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുത് 'രാഷ്ട്രീയ പ്രമേയം വിഷയമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം സിനിമയിൽ, ശ്രീനിവാസൻ പറയുന്ന ഈ വാചകം ആവർത്തിക്കാത്ത ദിവസങ്ങളില്ല. ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പറയാനുണ്ടായിരുന്നത് സ്റ്റാലിനെക്കുറിച്ചും റഷ്യയെക്കുറിച്ചുമൊക്കെയായിരുന്നു. പൊലീസ് അതിക്രമങ്ങളെ ചുറ്റിപ്പറ്റിയായിരുന്നെന്ന് മാത്രം.
അത്തച്ചിട്ടിക്കാരുടെ കണക്കുപോലെ പൊലീസ് ക്രൂരതയുടെ കണക്ക് പ്രതിപക്ഷവും ഭരണപക്ഷവും മാറിമാറി നിരത്തുന്നതിനിടെയാണ് സ്റ്റാലിനും റഷ്യൻ ലേബർ ക്യാമ്പുകളായ ഗുലാഗുമൊക്കെ കടന്നുവന്നത്. റഷ്യയിൽ സ്റ്റാലിന്റെ ഗുലാഗുകളിൽ രാഷ്ട്രീയ എതിരാളികളെ കസ്റ്റഡി മർദ്ദനത്തിന് വിധേയരാക്കിയിട്ടുണ്ട്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് മുഖ്യമന്ത്രി ഓർക്കണം. നിങ്ങൾ സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ ഞങ്ങൾ അതിനെ ചോദ്യം ചെയ്യുകതന്നെ ചെയ്യുമെന്നാണ് അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത്.
താൻ ചെറുപ്പം മുതലേ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിൽ അല്ലെന്നും ജവഹർലാൽ നെഹ്റു നേതൃത്വം കൊടുത്ത കോൺഗ്രസ് ഭരണത്തിൻ കീഴിലായിരുന്നെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചതോടെ ഇരുപക്ഷത്തിനും തൃപ്തിയായി. ലോക്കപ്പ് മർദ്ദനം അടിയന്തര പ്രമേയമാവുമ്പോൾ സഭയിൽ നല്ല വെടിയും പുകയുമൊക്കെയാണ് പ്രതീക്ഷിച്ചത്. രണ്ട് പക്ഷവും കത്തിക്കയറുകയും ചെയ്തു. പക്ഷേ കലാശസമയത്ത് മുഖ്യമന്ത്രി 2016 മുതലുള്ള കണക്ക് പുസ്തകം തുറന്നപ്പോൾ പ്രതിപക്ഷം കൊണ്ടുവന്ന മാലപ്പടക്കത്തിന് നനവ് തട്ടിയോ എന്ന് സംശയം. മുഖ്യമന്ത്രിയുടെ കണക്ക് വസ്തുതാപരമല്ലെന്ന് സ്ഥാപിക്കാൻ മുൻ ആഭ്യന്തര മന്ത്രി കൂടിയായ ചെന്നിത്തല നടത്തിയ ശ്രമവും ഉദ്ദേശിച്ച പോലെ ഏശിയില്ല.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട് റോജി എം.ജോണാണ് ഉപക്ഷേപം കൊണ്ടുവന്നത്. കത്തുന്ന വിഷയമായതിനാൽ അനുമതി നിഷേധിച്ചാൽ സഭ ഒന്നിളക്കാമെന്ന് പ്രതിപക്ഷം മനസിൽ കണ്ടെങ്കിൽ അതിനെ എങ്ങനെ മെരുക്കാമെന്ന് ഭരണപക്ഷം മാനത്ത് കണ്ടു.
സുജിത്തിനോട് കാട്ടിയ ക്രൂരത വികാരപരമായി തന്നെ റോജി അവതരിപ്പിച്ചു. ഉദ്യോഗസ്ഥർക്ക് നൽകിയ ട്രാൻസ്ഫർ ഒരു പണിഷ്മെന്റാണോ എന്ന ദയനീയ ചോദ്യവും ഉയർത്തിക്കൊണ്ടാണ് വിവിധ സ്റ്റേഷൻ പരിധികളിൽ നടന്ന മർദ്ദനങ്ങളുടെ കണക്ക് നിരത്തിയത്. കേരളത്തിലേത് ജനമൈത്രി പൊലീസല്ല, കൊലമൈത്രി പൊലീസ് എന്നായിരുന്നു ചർച്ചയിൽ കെ.കെ.രമയുടെ പരിഹാസം. പരാതിയുമായി പൊലീസ് സ്റ്റേഷനിൽ പോയാൽ ആംബുലൻസിൽ തിരിച്ചുവരാമെന്നും അവർ കളിയാക്കി.
ഒരുവെടിക്ക് രണ്ടു പക്ഷി എന്ന മട്ടിലായി കെ.ടി ജലീലിന്റെ പ്രസംഗം. സഭയിലെ എല്ലാ എം.എൽ.എമാരും രാഹുൽ മാങ്കൂട്ടത്തിനെ പോലെയാവുമോ എന്നും യൂത്ത് ലീഗ് നേതാവായി പ്രവർത്തിക്കുകയും അഞ്ചരലക്ഷം വിദേശത്ത് നിന്ന് ശമ്പളം പറ്റുകയും ചെയ്യുന്ന പി.കെ.ഫിറോസ് എന്ന മായാവിയെപ്പോലെയാണോ എല്ലാ ലീഗുകാരും എന്നും ജലീൽ ചോദിച്ചത് എല്ലായിടത്തും ചില പുഴുക്കുത്തുകൾ ഉണ്ടെന്ന് സമർത്ഥിക്കാനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |