തൃശൂർ: കലുങ്ക് സംവാദത്തിനിടെ വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈപ്പിഴ സംഭവിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമമെന്നും അത് നടക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സംവാദം നടക്കുന്നതിനിടെ കൊച്ചുവേലായുധനെന്ന വയോധികൻ നൽകിയ അപേക്ഷയാണ് കേന്ദ്രമന്ത്രി നിരസിച്ചത്. ഇതിന്റെ വീഡിയോകൾ ഏറെ ചർച്ചയായതാണ്. വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷമുണ്ട്. കൊച്ചുവേലായുധന്മാരെ ഇനിയും കാണിച്ചുതരാമെന്നും സുരേഷ് ഗോപി പറഞ്ഞു. വേലായുധൻ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും, പാർട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കും. വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും സുരേഷ് ഗോപി മറ്റൊരു കലുങ്ക് സൗഹൃദ സംവാദത്തിനിടെ പ്രതികരിച്ചു.
'നാല് ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തുമെന്നും സുരേഷ് ഗോപി അറിയിച്ചു. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണം. വ്യക്തിപരമായ ആവിശ്യങ്ങൾക്കല്ല. സമൂഹത്തിനാണ് ഒരു ജനപ്രതിനിധി. കലുങ്ക് സംവാദം സൗഹൃദ വേദിയാണ്. എതിർക്കുന്നവർക്കെല്ലാം ഇതൊരു തീവ്രശക്തിയായി മാറും. ഇത് താക്കീതല്ല അറിയിച്ചാണ്.
അധികാര പരിധിയിൽ എന്തുചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ ധാരണയുണ്ട്. എംപി സ്ഥാനത്ത് ഇരുന്നുകൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്നാണ് മറ്റൊരു ആരോപണം. എന്തിന് സിനിമയിൽ നിന്ന് ഇറങ്ങണം, സിനിമയിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്കാണ് മുൻഗണന നൽകുന്നത്'- സുരേഷ് ഗോപി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |