ഒട്ടാവ: കാനഡയിലെ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് വളയുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ സംഘടന. യുഎസ് ആസ്ഥാനമായുള്ള സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) ആണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. നാളെ ഇന്ത്യൻ കോൺസുലേറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കും. എന്തെങ്കിലും ആവശ്യങ്ങൾക്കായി അവിടേക്ക് വരാൻ ഉദ്ദേശിക്കുന്ന കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാർ മറ്റൊരു ദിവസം തിരഞ്ഞെടുക്കണമെന്നും ഖലിസ്ഥാൻ അനുകൂല സംഘടന ആവശ്യപ്പെട്ടു. പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനിഷ് പട്‌നായിക്കിന്റെ മുഖത്ത് ലക്ഷ്യചിഹ്നം പതിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററും അവർ പുറത്തിറക്കി.
ഇന്ത്യൻ കോൺസുലേറ്റ് ഖലിസിഥാനികളെ ലക്ഷ്യമിട്ട് ചാരവൃത്തിയും നിരീക്ഷണവും നടത്തുകയാണെന്നും പ്രസ്‌താവനയിൽ സംഘടന ആരോപിച്ചു. ഇന്ത്യയും കാനഡയും നയതന്ത്രബന്ധം പുനഃരാരംഭിച്ചതിന് പിന്നാലെയാണ് സംഘടനയുടെ നീക്കമുണ്ടായിരിക്കുന്നത്. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് രണ്ടുവർഷം മുമ്പ് പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ പാർലമെന്റിൽ പറഞ്ഞിരുന്നതായും പ്രസ്‌താവനയിൽ പറയുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും ഖലിസ്ഥാൻ ജനഹിതപരിശോധന പ്രചാരകരെ ലക്ഷ്യമിട്ട് ഇന്ത്യൻ കോൺസുലേറ്റുകൾ ചാരവൃത്തിയും നിരീക്ഷണവും തുടരുകയാണെന്നും പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.
നിജ്ജാറിന്റെ മരണശേഷം ഖലിസ്ഥാൻ ജനഹിത പരിശോധനാ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഇന്ദർജീത് സിംഗ് ഗോസലിന് സംരക്ഷണം നൽകാൻ റോയൽ കനേഡിയൻ മൗണ്ട് പൊലീസ് നിർബന്ധിത സാഹചര്യത്തിലെത്തുന്ന ഗുരുതര ഭീഷണി തങ്ങൾക്കെതിരെ നിലനിന്നിരുന്നുവെന്നും സംഘം ആരോപിച്ചു. കാനഡയിൽ നടക്കുന്ന ചാരവൃത്തിക്കും ഭീഷണിപ്പെടുത്തലിനും ഔദ്യോഗിക പ്രതികരണം തേടുമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെടുമെന്നും സംഘടന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |