ന്യൂഡൽഹി: പൊലീസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രശ്‌നങ്ങളൊന്നും എൽ.ഡി.എഫ് സർക്കാരിന്റെ പൊതുനയത്തിന്റെ ഭാഗമല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനമൈത്രീ പൊലീസ് എന്ന നയമാണ് സർക്കാർ നടപ്പാക്കുന്നത്. അതിൽ ചില വ്യതിയാനകങ്ങളുണ്ടാകുന്നത് പർവതീകരിക്കേണ്ടതില്ല. ഇ.എം.എസ് സർക്കാരിന്റെ കാലത്തുപോലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. കാര്യമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയും. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറ്റവാളികളെ പിടികൂടുന്നതിൽ അടക്കം മികവ് പുലർത്തുന്നു. കേരളത്തിലെ പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാംഭരണത്തിന് കഴിയും
കരുതലോടെ മുന്നോട്ടു നീങ്ങിയാൽ കേരളത്തിൽ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ഡൽഹിയിൽ ചേർന്ന മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി. കേരളത്തിന് പുറമെ അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചിമ ബംഗാൾ, തമിഴ്നാട്, അസാം സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളും ചർച്ചയായി.
ട്രംപിന്റെ തീരുവ ഭീകരതയ്‌ക്കെതിരായി സെപ്തംബർ അവസാന വാരം വിപുലമായ പ്രചാരണം നടത്താൻ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ബി.ജെ.പി സർക്കാർ യുഎസിന് മുന്നിൽ കീഴടങ്ങിയെന്ന് യോഗം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം പലസ്തീൻ ഐക്യദാർഢ്യ പ്രചാരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |