2019ലെ അറ്റകുറ്റപ്പണിയിൽ
നാലു കിലോ അപ്രത്യക്ഷം
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും 2019ൽ നവീകരിച്ചു തിരിച്ചെത്തിച്ചപ്പോൾ സ്വർണവും ചെമ്പുമടക്കം നാലു കിലോയുടെ കുറവുണ്ടായതിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
ഇളക്കിയ സമയത്ത് 42.800 കിലോയാണ് രേഖപ്പെടുത്തിയത്. തിരിച്ചെത്തിച്ച് ഘടിപ്പിച്ചപ്പോൾ 38.653 കിലോയായി കുറഞ്ഞു. തൂക്കക്കുറവ് മഹസറിൽ രേഖപ്പെടുത്താത്തത് അമ്പരപ്പിച്ചതായി ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പറഞ്ഞു.
ചെമ്പ് ആവരണങ്ങളിലും താങ്ങുപീഠങ്ങളിലും 1999ൽ തന്നെ സ്വർണാവരണം (ക്ലാഡിംഗ്) ഉണ്ടായിരുന്നെന്ന് കോടതി കണ്ടെത്തി. പെട്രോൾ പോലെ, സ്വർണം ആവിയാകുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.
ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ (പൊലീസ് സൂപ്രണ്ട്) അന്വേഷിച്ച് മൂന്നാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണം. സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന പഴയ ദ്വാരപാലക ശില്പങ്ങളുടെ നിജസ്ഥിതി 30നകം അറിയിക്കണം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച രേഖകളും ആറന്മുളയിലെ തിരുവാഭരണം കമ്മിഷണർ ഓഫീസിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത മഹസറുമടക്കം പരിശോധിച്ചാണ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയത്.
ഈ രേഖകൾ വിജിലൻസിന് കൈമാറാനും രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
കേസിലെ കക്ഷിയായ ഉണ്ണികൃഷ്ണൻ പോറ്റി മുൻകൈയെടുത്താണ് 2019ൽ സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടു പോയത്.
ഇപ്പോഴത്തെ പണിയും
സംശയനിഴലിൽ
സ്വർണപ്പാളികളുടെ ഇപ്പോഴത്തെ അറ്റകുറ്റപ്പണിയിലും ദുരൂഹതയേറി. ശബരിമല സ്പെഷൽ കമ്മിഷണറെ അറിയിക്കാതെയാണ് കൊണ്ടുപോയത്. സ്ട്രോംഗ് റൂമിലെ ശില്പങ്ങളിൽ നിന്ന് സ്വർണമെടുത്താൽ ചെലവു കുറയ്‌ക്കാമെന്ന സ്പോൺസറുടെ കത്തിൽ ദുരൂഹതയേറി. പണി തുടങ്ങിക്കഴിഞ്ഞതിനാൽ പൂർത്തിയാക്കാൻ കോടതി അനുവദിച്ചിട്ടുണ്ട്.
സ്വർണം പൂശിയത്
മറച്ചുവച്ചു
(2019ലെ ക്രമക്കേട് കോടതി കണ്ടെത്തിയത്)
2019 ജൂലായ് 19നാണ് ഇളക്കിയത്. മഹസറിൽ തൂക്കം 25.400കിലോ. സ്വർണം പൂശിയത് മറച്ചുവച്ച് ചെമ്പുപാളികൾ എന്നെഴുതി. വിജിലൻസിന്റെ സാന്നിദ്ധ്യമുണ്ടായില്ല. അകമ്പടിയില്ലാതെ കൊണ്ടുപോയി.പിറ്റേന്ന് പീഠങ്ങൾ ഇളക്കി. തൂക്കം 17.400കിലോ
സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത് ആഗസ്റ്റ് 29ന്. രേഖപ്പെടുത്തിയ തൂക്കം 38.258 കിലോയും ഏതാനും മില്ലിഗ്രാമും മാത്രം. സ്വർണം പൂശിയശേഷം 38.653 കിലോയായെന്ന് സ്ഥാപനത്തിന്റെ രേഖകളിൽ. വർദ്ധന 394 ഗ്രാം മാത്രം
40 വർഷം വാറന്റിക്ക് ചതുരശ്രയടിക്ക് എട്ടു ഗ്രാം വീതം 800 ഗ്രാമിലധികം സ്വർണം പൂശേണ്ടതുണ്ട്. ഇതിന്റെ പകുതിയിൽ താഴെയാണ് ഉപയോഗിച്ചത്
അയ്യപ്പസംഗമം നടത്താം:
സുപ്രീംകോടതി
ആഗോള അയ്യപ്പ സംഗമം നടത്താൻ സുപ്രീംകോടതിയും അനുമതി നൽകി. ഹൈക്കോടതിയുടെ ഉപാധികൾ പാലിക്കണം. മറിച്ച് എന്തെങ്കിലുമുണ്ടായാൽ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്. ഇടപെടാൻ ഹൈക്കോടതിക്ക് കഴിയും. പരാതിക്കാർക്ക് അവിടെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പു നൽകി. ഡോ. പി.എസ്. മഹേന്ദ്രകുമാർ, അജീഷ് കളത്തിൽ ഗോപി, വി.സി. അജികുമാർ എന്നിവരാണ് സംഗമം വിലക്കാൻ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |