ഇന്നലെ 51പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഇസ്രയേൽ ശക്തമായ കരയാക്രമണം വ്യാപിപ്പിച്ചതോടെ ഗാസയുടെ ഹൃദയ ഭാഗമായ ഗാസ സിറ്റി കത്തിയെരിഞ്ഞു. നഗരത്തിലേക്ക് ഇരച്ചുകയറിയ ആയിരക്കണക്കിന് ഇസ്രയേലി സൈനികരും പീരങ്കികളും വ്യോമസേനയും ഒരേ സമയം ആക്രമണം തുടരുകയാണ്. ഇന്നലെ 51 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ മാത്രം 38 പേർ. ഇതോടെ 24 മണിക്കൂറിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കടന്നു.
സലാഹുദ്ദീൻ റോഡ് വഴി തെക്കൻ ഗാസയിലേക്ക് രക്ഷപെടാൻ ജനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചവരെ ഇസ്രയേൽ സമയം നൽകിയിട്ടുണ്ട്. സുരക്ഷിതമെന്ന് അവകാശപ്പെടുന്ന പാതകൾ അടയാളപ്പെടുത്തിയ ഭൂപടവും ലഘുലേഖകളും ഇസ്രയേലി യുദ്ധവിമാനങ്ങൾ ഗാസ സിറ്റിയിലുടനീളം നിക്ഷേപിച്ചു. എന്നാൽ ആക്രമണത്തിനിടെ എങ്ങനെ രക്ഷപെടുമെന്ന് ജനം ചോദിക്കുന്നു.
നഗരത്തിലെ ജനങ്ങളെ മുഴുവൻ ഒഴിപ്പിച്ച് ഹമാസ് അംഗങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ചൊവ്വാഴ്ച പലായനത്തിന് ശ്രമിച്ച വാഹനം ഇസ്രയേൽ ബോംബിട്ട് തകർത്ത് 5 പേർ കൊല്ലപ്പെട്ടിരുന്നു. തെക്ക്, വടക്ക് ഗാസയിലെ
സാഹചര്യങ്ങൾ ഗുരുതരമായി തുടരുകയാണ്. വടക്കൻ ഗാസയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും തടസപ്പെട്ടു. ഇതിനിടെ, ഇസ്രയേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമായി.
ഗാസയിൽ വംശഹത്യ നടത്തിയെന്ന ഐക്യരാഷ്ട്ര സഭ (യു.എൻ) റിപ്പോർട്ട് ഇസ്രയേൽ തള്ളി. ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ താത്കാലികമായി മരവിപ്പിക്കാനും ഇസ്രയേലി മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്താനും യൂറോപ്യൻ കമ്മിഷൻ ശുപാർശ ചെയ്തു. എന്നാൽ അംഗരാജ്യങ്ങളുടെ വേണ്ടത്ര പിന്തുണയില്ല.ചൊവ്വാഴ്ചയാണ് ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള കരയാക്രമണത്തിന് ഇസ്രയേൽ തുടക്കമിട്ടത്. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 65,060 ആയി.
40 ശതമാനം
കൈയടക്കി
1,00,000 ത്തോളം പേർ നഗരത്തിൽ തുടർന്നേക്കുമെന്നതിനാൽ നഗരത്തിന്റെ നിയന്ത്രണം പൂർണമായും പിടിച്ചെടുക്കാൻ മാസങ്ങൾ വേണ്ടിവന്നേക്കാം. നിലവിൽ ഗാസ സിറ്റിയുടെ 40 ശതമാനത്തോളം ഇസ്രയേൽ നിയന്ത്രണത്തിൽ
ഹമാസുമായി വെടിനിറുത്തലിന് ധാരണയിലെത്തിയാൽ കരയാക്രമണം നിറുത്തും. എന്നാൽ നിലവിലെ സാഹചര്യത്തിൽ സാദ്ധ്യത വിദൂരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |