ലണ്ടൻ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണം വിഷം ഉള്ളിലെത്തിയാണെന്ന് ആരോപിച്ച് ഭാര്യ യൂലിയ രംഗത്ത്. നവാൽനിയുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ രണ്ട് വിദേശ രാജ്യങ്ങളിലെ ലബോറട്ടറികളിൽ പരിശോധിച്ചെന്നും രണ്ടിടങ്ങളിലും വിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും യൂലിയ അവകാശപ്പെട്ടു. എന്ത് തരം വിഷമാണ് കണ്ടെത്തിയതെന്ന് യൂലിയ വ്യക്തമാക്കിയില്ല. പരിശോധനാ ഫലങ്ങൾ ലാബുകൾ പരസ്യമാക്കണമെന്നും റഷ്യൻ അധികൃതർ നവാൽനിയെ കൊന്നതാണെന്നും അവർ പറഞ്ഞു. റഷ്യൻ സർക്കാർ ഉദ്യോഗസ്ഥർ അറിയാതെയാണ് സാമ്പിളുകൾ റഷ്യയ്ക്ക് പുറത്തെത്തിച്ചതെന്നും പറയുന്നു. അതേ സമയം, യൂലിയയുടെ പ്രസ്താവനയോട് റഷ്യ പ്രതികരിച്ചിട്ടില്ല.
2024 ഫെബ്രുവരി 16നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായിരുന്ന നവാൽനി (47) ആർട്ടിക് മേഖലയിലെ ജയിലിൽ മരണമടഞ്ഞത്. ബോധരഹിതനായി വീണ നവാൽനി മെഡിക്കൽ ടീം എത്തിയപ്പോഴേക്കും മരിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, നവാൽനിയെ പുട്ടിന്റെ അറിവോടെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണം. 2021 മുതൽ ജയിലിൽ കഴിഞ്ഞിരുന്ന നവാൽനിക്ക് തീവ്രവാദം, വഞ്ചന, അഴിമതിയടക്കമുള്ള വിവിധ കേസുകളിലായി 30 വർഷം തടവാണ് വിധിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |