കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനൊന്ന് വയസുകാരി രോഗമുക്തയായി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിയാണ് ഇന്നലെ ആശുപത്രി വിട്ടത്. കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
വളരെ അപൂർവമായി മാത്രം കണ്ടുവന്നിരുന്ന അമീബിക് മസ്‌തിഷ്‌ക ജ്വരം ഇപ്പോൾ കേരളത്തിൽ അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സെപ്‌തംബർ മാസത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, നിലവിൽ 71പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 24പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ വർഷം 19 മരണമുണ്ടായതിൽ ഒൻപതെണ്ണവും സെപ്‌തംബറിലാണ്.
അതേസമയം, രോഗബാധ വർദ്ധിക്കുമ്പോഴും അതിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനാകാത്തത് വലിയ വെല്ലുവിളിയായി തുടരുകയാണ്. പൊതുജലാശയങ്ങളിൽ നിന്നും വീട്ടുവളപ്പിലെ കിണറുകളിൽ നിന്നുമടക്കം രോഗം പകരുന്നുണ്ട്. എന്നാൽ, രോഗത്തെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ലോകത്ത് 40 ശതമാനംവരെ മാത്രമാണ് രോഗം കണ്ടുപിടിക്കുന്നത്. പക്ഷേ, കേരളത്തിൽ 70 ശതമാനം വരെയാണ്. കൂടുതൽ ടെസ്റ്റ് നടത്തുന്നതിനാലാണ് രോഗസ്ഥിരീകരണ നിരക്കും കൂടുന്നതെന്നും വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |