SignIn
Kerala Kaumudi Online
Thursday, 18 September 2025 11.39 PM IST

ഇഷ്ടവസ്ത്രം ബ്രാൻഡാക്കി,​ പങ്കാളിയുടെ വഞ്ചന കരുത്തേകി; ട്രാൻസ്‌വുമൺ നവമി ഇന്ന് സർക്കാരിന്റെ പുരസ്‌കാര ജേതാവ്

Increase Font Size Decrease Font Size Print Page
navami

സമൂഹത്തിൽ ഏതുമേഖലയിലും ഇപ്പോൾ ട്രാൻസ് കമ്യൂണിറ്റിയിലുളളവരുടെ സാന്നിദ്ധ്യമുണ്ട്. ഒരിക്കൽ നിറയെ അവഗണനകൾ നേരിട്ട് പൊതുയിടങ്ങളിലേക്ക് വരാൻ മടിച്ചുനിന്നവർ ഇന്ന് ആത്മധൈര്യത്തോടെ അവരുടെ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുകയാണ്. വഞ്ചനയിൽ നിന്നും മാറ്റിനിർത്തപ്പെടലുകളിൽ നിന്നും കൊല്ലം ഇരവിപുരം സ്വദേശിയും ട്രാൻസ്‌വുമണുമായ നവമി എസ് ദാസ് നടന്നുകയറിയത് സംസ്ഥാന സർക്കാരിന്റെ പുരസ്കാര ജേതാവെന്ന സ്ഥാനത്തേക്കായിരുന്നു. 2025-26ലെ കേരള സർക്കാരിന്റെ മികച്ച സംരംഭകയെന്ന പുരസ്കാരം മന്ത്രി ആർ ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങിയതിന്റെ അഭിമാനത്തിലാണ് നവമി.

award

'നവമികം ദി ഹൗസ് ഒഫ് സാരീസ്' എന്ന ബ്രാൻഡിന്റെ ഉടമയാണ് നവമി. ഇഷ്ടവസ്ത്രമായ സാരിയിൽ നിന്നാണ് 27കാരിയായ നവമി തന്റെ വിജയജീവിതം പണിതുയർത്തിയത്. ഇരവിപുരമാണ് സ്വന്തം സ്വദേശമെങ്കിലും ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നവമിയും അമ്മയും കഴിഞ്ഞ അഞ്ചുവർഷമായി എറണാകുളത്താണ് താമസിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയിൽ ബ്യൂട്ടി അഡ്‌വൈസറായ ജോലി ചെയ്‌തെങ്കിലും ജീവിക്കാനായി വരുമാനം തികയാതെ വന്നതോടെയാണ് സ്വന്തം സംരംഭമെന്ന ആശയത്തിലെത്തിയത്.

വർഷങ്ങൾക്ക് മുൻപ് നടത്തിയ യാത്രയ്ക്കിടയിൽ വാങ്ങിയ അഞ്ച് സാരികളിൽ നിന്നാണ് ഇന്ന് അയ്യായിരത്തിലധികം സാരികളുളള നവമികം എത്തി നിൽക്കുന്നതെന്നും നവമി കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. സ്വന്തം വ്യക്തിത്വം സമൂഹത്തിനുമുന്നിൽ അഭിമാനത്തോടെ തുറന്നുകാണിക്കാൻ തന്റെ സാരി ബ്രാൻഡ് ഏറെ സഹായിച്ചിട്ടുണ്ടെന്നും അവർ പറയുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെയാണ് നവമികം ബ്രാൻഡ് സാരികളുടെ വിപണനം കൂടുതലും നടക്കുന്നത്.

navami

പരിശ്രമം

തുടർച്ചയായി പരിശ്രമിച്ചാൽ എന്തുകാര്യവും നടക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നവമി. തുടക്കക്കാലത്ത് ബിസിനസിൽ നിന്ന് വേണ്ടവിധത്തിലുളള വരുമാനം ലഭിച്ചിരുന്നില്ല. എന്നിട്ടും സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ആർജ്ജവത്തോടെ തന്നെ അവർ ചെയ്തു. ഇതോടെയാണ് നവമികം വിജയത്തിലേക്കെത്തിയത്. നിലവിൽ സാരിയും സൽവാറുമാണ് നവമികത്തിൽ ലഭ്യമാകുന്നത്. ഭാവിയിൽ ബിസിനസ് വ്യാപിപ്പിക്കുമെന്നും നവമി പറഞ്ഞു.

ജീവിതത്തിൽ വിജയിച്ചവരെല്ലാം കഠിനമായ പ്രതിസന്ധികൾ നേരിട്ടവരാണ്. അതുപോലെയായിരുന്നു നവമിയുടെ ജീവിതവും. ട്രാൻസ്‌‌വുമൺ എന്നതിലുപരി നിറത്തിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും ഒരുപാട് അവഗണനകൾ നേരിട്ടിരുന്നു. പഠനകാലം മുതൽക്കേതന്നെ സ്കൂളിലും ഒരുപാട് മാറ്റി നിർത്തപ്പെട്ടിട്ടുണ്ടെന്ന് നവമി പറയുന്നു. അത്തരം അവഗണനയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ബ്രൗണി ഗേളെന്ന് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.ജീവിതത്തിലെ മോശം അവസ്ഥയിൽ പുറത്തുപറായൻ കഴിയാത്ത പല ജോലികളും ചെയ്യേണ്ടി വന്നിട്ടുണ്ട്.

navami

മറക്കാൻ കഴിയാത്ത ചതി

ജീവിതത്തിൽ താൻ സ്വന്തം സഹോദരിയെ പോലെ സ്നേഹിച്ച സുഹൃത്തും ട്രാൻസ്‌മെന്നായ പങ്കാളിയുമാണ് നവമിയെ ചതിച്ചത്. പക്വത ഇല്ലാത്ത 21-ാം വയസിൽ വിവാഹിതയായി. അവഗണനകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു നവമി സ്വന്തം കമ്യൂണിറ്റിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചത്. ആറ് മാസത്തോളം ദാമ്പത്യത്തിൽ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ പങ്കാളിയും അയാളുടെ മാതാവും പണത്തിന്റെയും സ്വർണത്തിന്റെയും പേരിൽ നവമിയെ മാനസികമായും ശാരീരികമായും പീ‌ഡിപ്പിക്കുകയായിരുന്നു.

സ്വന്തം സഹോദരിയെ പോലെ കണ്ട സുഹൃത്തും ഭർത്താവും തമ്മിലുളള വഴിവിട്ട ബന്ധം മാനസികമായി തളർത്തുകയായിരുന്നു. ഭർതൃവീട് വിട്ടിറങ്ങിയ നവമിക്ക് താങ്ങായത് അമ്മയായിരുന്നു. ജീവിതത്തിൽ മറ്റുളളവർക്ക് ബാദ്ധ്യതയാകുമെന്ന് കരുതിയതോടെ ജീവനോടുക്കാൻ വരെ ശ്രമിച്ചിരുന്നു. ഏറെനാളത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മാനസികനില പഴയതുപോലെയായതെന്ന് അവർ പറയുന്നു.ആ സമയത്താണ് മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ശരിയാക്കി തന്നത്. ഇതോടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കുകയായിരുന്നു.

navami

സൗഹൃദം

സഹോദരിയെപ്പോലെ കണ്ട സുഹൃത്താണ് നവമിയെ വഞ്ചിച്ചത്. അതോടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ തവണ ചിന്തിക്കുമെന്ന് നവമി പറയുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമാ വിനീതും കർഷകയായ ശ്രാവന്തികയുമാണ് നവമിയുടെ അടുത്ത സുഹൃത്തുക്കൾ. അവരുടെ സൗഹൃദമാണ് തന്നെ ഒരു മികച്ച സംരംഭകയാക്കിയതെന്ന് അവർ കൂട്ടിച്ചേർത്തു.

TAGS: AWARD, LIFE STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.