'ശബരിമല ഒരു പേടിസ്വപ്നമാണ്." അതീവ ആശങ്കയുയർത്തുന്ന ഈ പ്രസ്താവന തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ പി.എസ്. പ്രശാന്തിന്റേതാണ്. ഒരു പ്രമുഖ വാർത്താ ചാനലിലൂടെയാണ് ഗുരുതരമായ ഈ പ്രഖ്യാപനം കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയത്. തൊട്ടടുത്ത ദിവസത്തെ ചില പത്രങ്ങളും ആ വാർത്ത പ്രസിദ്ധീകരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണല്ലോ ശബരിമല ക്ഷേത്രം. അതുകൊണ്ടുതന്നെ ആധികാരികമായി കരുതണം, ഈ പ്രസ്താവന.
ഇത്തരത്തിൽ പരസ്യമായി പ്രതികരിക്കാനുള്ള പ്രേരണയോ പ്രകോപനമോ എന്തെന്ന് അദ്ദേഹം പറയുന്നില്ല. അങ്ങനെ പറയാൻ ഇടയാക്കിയ ഒരു കാരണവും പ്രത്യേകിച്ച് വെളിപ്പെടുത്തുന്നുമില്ല. പക്ഷെ, ശബരിമല ക്ഷേത്രത്തിൽ എന്തു ചെയ്യാനും ഇപ്പോൾ ദേവസ്വം ബോർഡ് അധ്യക്ഷൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന് ഭയമാണെന്ന് വ്യക്തമാക്കുന്നുണ്ട്. തനിക്കു മാത്രമല്ല, ഭക്തജനങ്ങൾക്കും ഭയമാണെന്നും അദ്ദേഹം പറയുന്നു. അവിടെ താന്ത്രിക കർമ്മങ്ങൾക്കു പോലും തടസമാണത്രേ. മറ്റു ക്ഷേത്രങ്ങളിൽ ഇല്ലാത്ത പ്രശ്നങ്ങളും പ്രതിസന്ധിയും ശബരിമലയിൽ നേരിടേണ്ടിവരുന്നു എന്ന് ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ വിളിച്ചു പറയുന്നു. നൂറ്റാണ്ടുകളായി ഭക്തലക്ഷങ്ങൾ പുണ്യ പൂങ്കാവനമായി കരുതി വരുന്ന ശബരിമലയെയാണ് ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ പൊടുന്നനെ പേടിസ്വപ്നം എന്ന് വിശേഷിപ്പിക്കുന്നത്!
എല്ലാ വർഷവും ശബരിമല ദർശനം നടത്തുന്ന പതിവ് ഈയുള്ളവന് ഇല്ല. എന്നാൽ, വിഭിന്ന കാനന പാതകളിലൂടെ പല പ്രാവശ്യം പരമ്പരാഗത രീതിയിൽ പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദർശനം നടത്തിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊരു പ്രസ്താവനയ്ക്ക് പി.എസ്. പ്രശാന്ത് നിർബന്ധിതനായതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട പലരോട് അന്വേഷിച്ചിട്ട്, അവരും കൈ മലർത്തുകയാണ് ചെയ്യുന്നത്.
വിശ്വാസികൾ അല്ല എന്ന് പൊതുവെ കരുതപ്പെടുന്ന പലരും, ജാതി, മത, കക്ഷി വ്യത്യാസമെന്യേ വിശ്വാസം വച്ചു പുലർത്തുന്നവരാണ് എന്നത് പരസ്യമായ രഹസ്യമാണ്. പാർട്ടി സഖാക്കളിൽ ചിലർ പണമില്ലെങ്കിൽപ്പോലും, ഭാര്യയുടെ കെട്ടുതാലി പണയപ്പെടുത്തി വരെ ശബരിമല സീസണിൽ അയ്യപ്പ ദർശനത്തിനായി വ്രതമെടുത്ത് മല ചവിട്ടാറുണ്ടെന്ന് ആദരണീയനായ എ.കെ.ജി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശാന്ത് പക്ഷെ, ഉറച്ച വിശ്വാസിയാണ്. പതിവായി നെറ്റിയിൽ ഭസ്മക്കുറി അണിയുന്ന ഭക്തൻ.
അടുത്തകാലം വരെ അദ്ദേഹം കോൺഗ്രസ് നേതാവായിരുന്നു. കെ.പി.സി.സി സെക്രട്ടറി ആയിരിക്കെ, കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് കെ.സി. വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി അയച്ച ശേഷം, ഏതാനും വർഷം മുമ്പ് സി.പി.എമ്മിൽ ചേരുകയായിരുന്നു. വിശ്വാസികളിൽ പൊതുവെ ആശങ്കയും ആശയക്കുഴപ്പവും ഉയർത്തുന്നതാണ് ഇവിടെ ആമുഖമായി ഉദ്ധരിച്ച പ്രശാന്തിന്റെ വാചകങ്ങൾ. അവിശ്വാസികളായ ചില സുഹൃത്തുക്കളോട് ആരാഞ്ഞപ്പോഴും, ദുരൂഹമെന്നാണ് അവരുടെയും വിലയിരുത്തൽ.
പക്ഷെ, ഇതോടൊപ്പം പ്രശാന്ത് ശ്രദ്ധേയമായ മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തി. ശബരിമലയെ നിയന്ത്രിക്കുന്ന ചിലർ ദേവസ്വം ബോർഡിനു മുകളിൽ ഉണ്ടെന്നാണ് അദ്ദേഹം കൂട്ടിച്ചേർത്തത്. ആരാണവർ എന്ന് വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. അതൊന്നും ഇപ്പോൾ ഇവിടെ പറയുന്നില്ലെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. വാസ്തവത്തിൽ ദേവസ്വം ബോർഡ് അദ്ധ്യക്ഷന് ഭയമാണെന്ന പ്രസ്താവനയുടെ ദുരൂഹത പതിന്മടങ് വർദ്ധിപ്പിക്കുന്നതാണ് ബോർഡിനു മുകളിൽ ഉള്ളവരെപ്പറ്റിയുള്ള പരാമർശം. അതൊരു ആരോപണമാണോ അതോ ഗുരുതരമായ പരാതിയാണോ എന്ന് പറയാറായിട്ടില്ല. ഏതായാലും പ്രശാന്തിന്റെ പരാമർശങ്ങൾ തള്ളിക്കളയാനോ അവഗണിക്കാനോ ആവുന്നവയല്ല.
ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ ആരെയൊക്കെയോ, എന്തിനെയൊക്കെയോ, എന്തൊക്കെയോ കാരണത്താൽ ഭയക്കുന്നു എന്നതു മാത്രം വ്യക്തം. അത് ആരെ, എന്തിനെ, എന്തുകൊണ്ട് എന്നതാണ് ആകാംഷ ഉയർത്തുന്നത്. എന്തായാലും ഇങ്ങനെ സംസാരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച, അല്ലെങ്കിൽ പ്രകോപിപ്പിച്ച പശ്ചാത്തലം പകൽ പോലെ വ്യക്തമാണ്. ശബരിമലയെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും ഒടുവിലത്തെ വിവാദങ്ങൾ തന്നെയാവണം അവ. പുതിയ വിവാദങ്ങൾ രണ്ടാണ്. രണ്ടും കോടതിയിൽ എത്തിയവയുമാണ്. ആദ്യത്തേത് ആഗോള അയ്യപ്പസംഗമത്തെച്ചൊല്ലിയുള്ള വിവാദവും, രണ്ടാമത്തേത് ശബരിമല ശ്രീകോവിലിനു മുന്നിൽ ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങൾ സ്വർണം പൂശുന്നതിനെ തുടർന്നുയർന്ന വിവാദവുമാണ്.
അയ്യപ്പസംഗമത്തിന് സംസ്ഥാന സർക്കാരിന്റെയും ഭരണ കക്ഷികളുടെയും പൂർണ പിന്തുണയുണ്ട്. സംഗമത്തിന്റെ ആശയവും ആസൂത്രണവും സർക്കാരിന്റേതാണ് എന്ന ആരോപണം തന്നെയുണ്ട്. സി.പി.എമ്മും മറ്റ് ഭരണകക്ഷികളും പിന്താങ്ങുമ്പോൾ കോൺഗ്രസും ബി.ജെ.പിയും അയ്യപ്പസംഗമത്തെ വിമർശിക്കുന്നുണ്ട്. അതേയവസരത്തിൽ അപ്രതീക്ഷിതമായി രണ്ട് പ്രബല ഹിന്ദു സാമുദായിക സംഘടനകളായ എസ്.എൻ.ഡി.പിയും, എൻ.എസ്.എസും അയ്യപ്പസംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. മറിച്ച്, സംഘ പരിവാറാവട്ടെ ഒരു ബദൽ വിശ്വാസി സംഗമം തന്നെ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പന്തളം രാജകുടുംബം ചില കാരണങ്ങളാൽ സംഗമത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
എന്നാൽ, അയ്യപ്പസംഗമത്തെ അനുകൂലിച്ച ഹൈക്കോടതി, സ്വർണം പൂശുന്നതു സംബന്ധിച്ച് രൂക്ഷമായ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന അസുഖകരമായ ചോദ്യങ്ങളും പരാമർശങ്ങളുമാണ് കോടതിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്. കോടതിയുടെ നേരത്തേയുള്ള വിധിയുടെ ലംഘനം കൂടിയാണെന്നും അതുകൊണ്ട് സ്വർണം പൂശൽ നിറുത്തി വച്ച് സ്വർണപ്പാളികൾ തിരികെ എത്തിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുമുണ്ട്. ഒരു വിജിലൻസ് അന്വേഷണവും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബോർഡ് അദ്ധ്യക്ഷൻ അസ്വസ്ഥനാവുന്നത് തികച്ചും സ്വാഭാവികം.
ആരും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് ഇതുവരെ മുന്നോട്ടു വന്നിട്ടുമില്ല. ശബരിമല പേടി സ്വപ്നമാണെന്നും അവിടെ എന്തു ചെയ്യാനും തനിക്ക് ഭയമാണെന്നും ഇപ്പോൾ വിളിച്ചുപറയാൻ ദേവസ്വം ബോർഡ് അദ്ധ്യക്ഷനെ പ്രേരിപ്പിച്ചത് ഇതു തന്നെയാണോ, അതോ ഇനി മറ്റെന്തെങ്കിലുമാണോ എന്നതാണ് കാതലായ ചോദ്യം. മാത്രമല്ല, അദ്ദേഹം എന്തിന്, എന്തുകൊണ്ട്, എന്ത് അടിസ്ഥാനത്തിൽ, ഇക്കാര്യത്തിൽ ഭക്തജനങ്ങളെ കൂടി കൂട്ടുപിടിക്കുന്നു എന്ന ചോദ്യവും അവശേഷിക്കുന്നു.
ആഗോള അയ്യപ്പസംഗമത്തിന് സുപ്രീം കോടതിയിയും ഇന്നലെ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. പമ്പാ തീരത്ത് സംഗമം സംഘടിപ്പിക്കാൻ ഇനി ഒരു ദിവസം കൂടി മാത്രം. ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോർഡ് അദ്ധ്യക്ഷന്റെ പ്രസ്താവന ചർച്ച ചെയ്യുമോ? അദ്ദേഹത്തിന്റെ പേടി മാറ്റാനുള്ള ശ്രമം അയ്യപ്പഭക്ത സംഗമത്തിൽ ആരംഭിക്കേണ്ടതല്ലേ? ലോകത്ത് ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ഒരേസമയത്ത് എത്തിച്ചേരുന്ന ഈ പുണ്യ ക്ഷേത്രം രാഷ്ട്രീയ വിഷയമാവുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ നിർണായകമായിരുന്നു ശബരിമല വിഷയം.
കോടതിയും സർക്കാരും ഭരണ, പ്രതിപക്ഷ കക്ഷികളും ഹൈന്ദവ സംഘടനകളും ഒക്കെ ഇടപെട്ട യുവതീ പ്രവേശന വിഷയം അന്ന് തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിച്ചു. ഏഴ് പതിറ്റാണ്ടുമുമ്പ് കേരളം രൂപപ്പെട്ടയുടനെ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽത്തന്നെ, ശബരിമലയിലെ അഗ്നിബാധ വിഷയമാക്കിയിരുന്നു. വീണ്ടും ശബരിമലയിലൂടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ചരിത്രം ആവർത്തിക്കുമോ? അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും, സാക്ഷാൽ അയ്യപ്പൻ തന്നെ ശരണം. സ്വാമിയേ ശരണമയ്യപ്പാ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |