ചെന്നൈ: കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ താരം റോബോ ശങ്കർ (46) അന്തരിച്ചു. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അന്ത്യം. ബുധനാഴ്ചയാണ് സിനിമ സെറ്റിൽ കുഴഞ്ഞുവീണ താരത്തെ ചെന്നൈയിലെ ജെം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ വൃക്കകൾ തകരാറിലായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ആരോഗ്യനിലയും വഷളായി. ചെന്നൈയിലെ വളസരവാക്കത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ ഇന്നലെ അർദ്ധരാത്രിയോടെ മൃതദേഹം എത്തിച്ചു. സംസ്കാരം ഇന്ന്. ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് ശങ്കർ ശ്രദ്ധ നേടിയത്. ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെ 2007ലാണ് വെള്ളിത്തിരയിലെത്തുന്നത്. മാരി, വിശ്വാസം, സിംഗം 3, കോബ്ര , പുലി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായി. അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച റോബോ ശങ്കറിന്റെ ശരീരഭാരം നന്നായി കുറഞ്ഞിരുന്നു. ഇത് ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ രോഗം മാറിയതിന് പിന്നാലെ പാചക റിയാലിറ്റി ഷോയിൽ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, അഭിനേതാക്കളായ കമൽഹാസൻ, സിമ്രാൻ, കാർത്തി, വിഷ്ണു വിശാൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഭാര്യ: പ്രിയങ്ക ശങ്കർ, മകൾ: ഇന്ദ്രജ ശങ്കർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |