കൽപ്പറ്റ: കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി. രാവിലെ 10മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇരുവരും ഹെലികോപ്‌റ്ററിൽ വയനാട്ടിലേക്ക് തിരിച്ചു. പടിഞ്ഞാറത്തറയിൽ ഇറങ്ങിയ ഇരുവരെയും ഒരാഴ്‌ചയോളമായി വയനാട്ടിൽ തങ്ങുന്ന പ്രിയങ്കാ ഗാന്ധി എംപി ഇവിടെ സ്വീകരിച്ചു. ഇന്ന് ഇരുവർക്കും പൊതുപരിപാടികളില്ല. ഇരുവർക്കുമൊപ്പം കെ സി വേണുഗോപാൽ എംപിയുമുണ്ട്. സ്വകാര്യ സന്ദർശനമാണ് ഇരുവരും നടത്തുന്നത്.
ഇതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടി മുന്നൊരുക്കവും സന്ദർശനത്തിൽ ചർച്ചയാകും എന്നാണ് സൂചന. കെപിസിസി നേതൃത്വവുമായി ഇതിനായി കൂടിക്കാഴ്‌ച നടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, ടി സിദ്ദിഖ് എംഎൽഎ എന്നിവർ ഇരുവരെയും സന്ദർശിച്ച് സ്വീകരിച്ചു. മുൻപ് പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സോണിയാ ഗാന്ധി വയനാട്ടിലെത്തിയത്. വയനാട്ടിലെ കോൺഗ്രസിൽ കടുത്ത ഗ്രൂപ്പ് തർക്കം തുടരുന്നതിനിടെയാണ് ഉന്നത നേതാക്കൾ ജില്ലയിലെത്തുന്നത്. കെ സി വേണുഗോപാൽ, സണ്ണി ജോസഫ് എന്നിവരുമായി രാഹുൽ ഗാന്ധി പ്രത്യേകം ചർച്ച നടത്തുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |